കൊച്ചി: ശബരിമല ക്ഷേത്രപരിസരത്ത് അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിക്ക് അനുമതി നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഇതിന്റെ പേരിൽ പണപ്പിരിവ് നടന്നതിൽ പൊലീസ് അന്വേഷണം നടത്താനും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് ഉത്തരവിട്ടു. വിഗ്രഹത്തിന്റെ പേരിൽ സ്വകാര്യ ട്രസ്റ്റിന്റെ അക്കൗണ്ടിലെത്തിയ സംഭാവന ആരും പിൻവലിക്കുന്നില്ലെന്ന് ശബരിമല ചീഫ് പൊലീസ് കോ ഓർഡിനേറ്റർ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.
തമിഴ്‌നാട് ഈറോഡിലെ ലോട്ടസ് മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ.ഇ.കെ. സഹദേവനാണ് പണപ്പിരിവ് തുടങ്ങിയത്. പഞ്ചലോഹ വിഗ്രഹത്തിന്റെ പേരിൽ നല്ലൊരു തുക 'റോട്ടറി ഫ്രീഡം ഇന്ത്യ' എന്ന ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയതായി പൊലീസ് കോ ഓർഡിനേറ്റർ കണ്ടെത്തിയെന്ന് സർക്കാർ അറിയിച്ചു. ദേവസ്വം ബോർഡിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇതുവരെ പൊലീസിൽ പരാതി നൽകാത്തതിനെ കോടതി വിമർശിച്ചു. പമ്പ എസ്.എച്ച്.ഒയുമായി ബന്ധപ്പെട്ട് ഇതിന് നടപടിയെടുക്കാനും നിർദ്ദേശിച്ചു.
ഡോ.സഹദേവന് ഇ-മെയിലിൽ നോട്ടീസ് നൽകിയെങ്കിലും കൈപ്പറ്റിയില്ല. പുതിയ നോട്ടീസ് സ്പീഡ് പോസ്റ്റിൽ അയയ്‌ക്കാൻ രജിസ്ട്രിക്ക് കോടതി നിർദ്ദേശം നൽകി. ഒരാഴ്ചയ്ക്കകം മറുപടി നൽകണം. ദേവസ്വം സെക്രട്ടറിയും സത്യവാങ്മൂലം സമർപ്പിക്കണം. വിഷയം അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ ഫയലുകൾ കോടതിയുടെ സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാനും നിർദ്ദേശിച്ചു.
ബോർഡ് പറഞ്ഞത് കള്ളം
പഞ്ചലോഹ വിഗ്രഹം സംബന്ധിച്ച് കത്തിടപാട് നടന്നെങ്കിലും അനുമതി നൽകിയിട്ടില്ലെന്നാണ് കഴിഞ്ഞദിവസം ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നിലപാടെടുത്തത്. എന്നാൽ, വിഗ്രഹം സ്ഥാപിക്കാനുള്ള അപേക്ഷയ്ക്ക് ബോർഡ് പ്രസിഡന്റ് അംഗീകാരം നൽകിയെന്നാണ് കോടതിയിൽ ഹാജരാക്കിയ ഫയലുകളിൽ നിന്ന് വ്യക്തമാകുന്നതെന്ന് ബെഞ്ച് വിലയിരുത്തി. ദേവസ്വം കമ്മിഷണറുടെ റിപ്പോർട്ടിന് കാത്തുനിൽക്കാതെയാണ് ജൂലായ് ഒന്നിന് അപേക്ഷ അംഗീകരിച്ചത്. ലാഘവത്തോടെയാണ് ബോർഡ് അനുവാദം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് തുടർനടപടികൾ സ്റ്റേചെയ്തത്. വിഗ്രഹമെന്ന സങ്കൽപ്പം ക്ഷേത്രപരിസരത്ത് പ്രസക്തമാകുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |