തിരുവനന്തപുരം: സംസ്ഥാനസർക്കാർ സ്ഥാപനമായ അനർട്ടിൽ ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗം മിന്നൽ പരിശോധന നടത്തി. സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് ആരോപണം ഉയർന്ന സാഹചര്യത്തിലാണിത്. ധനകാര്യ ഇടപാടുകൾ, മൂവ്മെന്റ് രജിസ്റ്ററുകൾ,ടെൻഡർ നടപടികൾ എന്നിവയുടെ ഫയലുകളാണ് പരിശോധിച്ചത്. ഇന്നലെ രാവിലെ അനർട്ട് ആസ്ഥാനത്തെത്തിയ ആറംഗ പരിശോധനാസംഘം വൈകിട്ട് മൂന്നു മണിവരെ പരിശോധന തുടർന്നു.കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയാണ് സംഘം മടങ്ങിയത്.
സംസ്ഥാനത്തെ കർഷകർക്ക് സൗരോർജ്ജ പമ്പുകൾ നൽകാനുള്ള കേന്ദ്രപദ്ധതിയായ പി.എം.കുസും പദ്ധതിയിൽ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. അഞ്ചു കോടി രൂപയ്ക്ക് മേലുള്ള പദ്ധതികളുടെ ടെൻഡർ വിളിക്കുന്നതിനുമുമ്പ് അനർട്ട് സി.ഇ.ഒ സർക്കാരിൽ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങണമെന്നാണ് ചട്ടം. ഇത് ലംഘിച്ചുവെന്നതും ഗ്രേഡിംഗില്ലാത്ത കമ്പനികളെ ടെൻഡറിൽ പങ്കെടുപ്പിച്ചതും സർക്കാർ നിശ്ചയിച്ച ബെഞ്ച് മാർക്ക് റേറ്റിൽ നിന്ന് 60മുതൽ 147% വരെ കൂട്ടിയാണ് കരാർ നൽകിയതെന്നതുമാണ് ആരോപണത്തിനിടയാക്കിയത്. 240കോടി രൂപയുടെ ടെൻഡർ ഇടപാടിലാണ് ക്രമക്കേടുണ്ടായത്. ഇതിനു വ്യക്തമായ വിശദീകരണം നൽകാൻ അനർട്ട് സി.ഇ.ഒ യ്ക്ക് കഴിയാതെവന്ന സാഹചര്യത്തിലാണ് രേഖകൾ പരിശോധിക്കാനുള്ള സർക്കാർ നീക്കം. നബാർഡിൽ നിന്ന് 175കോടിയോളം രൂപ കൂടിയ നിരക്കിൽ വായ്പയെടുത്താണ് പി.എം.കുസും പദ്ധതി ആവിഷ്കരിച്ചത്. ഇതിൽ ക്രമക്കേട് നടത്തിയത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പി.എം.കുസും പദ്ധതിയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. സർക്കാർ അനുമതിയില്ലാതെയാണ് അഞ്ചു കോടിക്ക് മേലുള്ള ടെൻഡറുകൾ അനർട്ട് സി.ഇ.ഒ.വിളിച്ചതെന്ന രേഖയും ചെന്നിത്തല പുറത്തുവിട്ടിരുന്നു.ഇതോടെയാണ് സർക്കാരും അനർട്ടും പ്രതിക്കൂട്ടിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |