തൃശൂർ: കഴിഞ്ഞ ദിവസം വീടിനുള്ളിൽ വീണ് കാൽമുട്ടിന് പരിക്കേറ്റ സി.സി. മുകുന്ദൻ എം.എൽ.എയുടെ ചികിത്സ സി.പി.ഐ ഏറ്റെടുത്തു.അദ്ദേഹത്തെ സന്ദർശിച്ച പാർട്ടി
ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ആരോഗ്യ വിവരങ്ങൾ ആരാഞ്ഞു. തുടർ ചികിത്സ സംബന്ധിച്ച കാര്യങ്ങൾക്ക് മണ്ഡലം സെക്രട്ടറിയെ ചുമതലപ്പെടുത്തി.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് വന്നപ്പോഴാണ് മഴയിൽ ചോർന്നൊലിക്കുന്ന വീട്ടിനുള്ളിൽ കെട്ടിക്കിടന്ന വെള്ളത്തിൽ ചവിട്ടി
സി.സി.മുകുന്ദൻ തെന്നി വീണത്. മുട്ടിന് പരിക്കേറ്റു. വീട് നന്നാക്കാത്തതിന്റെ വിവരം അന്വേഷിച്ചപ്പോഴാണ് എം.എൽ.എയുടെ വീടിന് ജപ്തി നോട്ടീസ് വന്ന കാര്യം പുറത്തറിഞ്ഞത്. 2015ൽ മകളുടെ വിവാഹത്തിനായി കാരമുക്ക് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വായ്പ പുതുക്കി. ഇപ്പോൾ 18 ലക്ഷം രൂപ അടയ്ക്കാനുണ്ട്. വിവരം പുറത്തു വന്നതോടെ നിരവധി
പേർ വിളിച്ച് അന്വേഷിച്ചിരുന്നു. വിദേശത്ത് നിന്നും വിളിച്ച് സ്വന്തം വീട്ടിലേക്ക് താമസം മാറാൻ ഒരു സഹോദരി പറഞ്ഞതായി സി.സി. മുകുന്ദൻ പറഞ്ഞു.
അടുത്തിടെ നടന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിൽ നിന്ന് അദ്ദേഹം ഇറങ്ങിപ്പോയ സംഭവം വിവാദമായിരുന്നു. ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. പിന്നീട് പാർട്ടി നേതാക്കൾ എം.എൽ.എയുമായി സംസാരിച്ച് പ്രശ്‌നം
പരിഹരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |