
ന്യൂഡൽഹി: വിവാഹം കഴിഞ്ഞിട്ടും മകൻ മാതാപിതാക്കളുടെ 'സമ്പൂർണ കൺട്രോളിൽ'. ഒരു കാര്യത്തിലും സ്വതന്ത്രമായി തീരുമാനമെടുക്കാനാവുന്നില്ല. ഭാര്യയും 9 വയസുള്ള മകളും അവഗണനയുടെ പടുകുഴിയിൽ. പ്രത്യേകം മാറി താമസിക്കുന്ന സാഹചര്യം. ഭാര്യയാണെങ്കിൽ ഗർഭിണിയും. കണ്ണീരും പ്രശ്നങ്ങളും നിറഞ്ഞ ഛത്തീസ്ഗഢിലെ ദാമ്പത്യത്തിൽ നിർണായക ഇടപെടൽ നടത്തിയിരിക്കുകയാണ് സുപ്രീംകോടതി. മകന്റെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങളുടെ മൂലകാരണം അയാളുടെ മാതാപിതാക്കളുടെ അതിരുവിട്ട ഇടപെടലുകളാണെന്ന് കോടതി കണ്ടെത്തി. ഇനി ഭാര്യക്കും മകൾക്കുമൊപ്പം മുകൾനിലയിലേക്ക് താമസം മാറണം. ഭർത്താവുതന്നെ ഇതിനു മുൻകൈയെടുക്കണം. പറ്റില്ലെന്ന് മിണ്ടിപ്പോകരുത്. മൂന്നുമാസത്തേക്ക് ഇങ്ങനെ പോകട്ടെ. ഗർഭിണിയായ ഭാര്യയെ ശ്രദ്ധിക്കണം. ഗൈനക്കോളജിസ്റ്രിനെ കാണാൻ പോകണം. ഭർത്താവിന്റെയും ഭാര്യയുടെയും വീട്ടുകാരുടെ ഒരു ഇടപെടലും ദാമ്പത്യത്തിലുണ്ടാകരുതെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് കർശന നിർദ്ദേശം നൽകി. മകന്റെ മാതാവുമായും ഭാര്യയുടെ മാതാപിതാക്കളുമായും കോടതി പ്രത്യേകം സംസാരിച്ചു. ഗാർഹികപീഡനം ചൂണ്ടിക്കാട്ടി യുവതി കേസ് കൊടുത്തിരുന്നു. കുടുംബകോടതിയിൽ വിവാഹമോചനക്കേസും ഛത്തീസ്ഗഢ് ഹൈക്കോടതിയിൽ ജീവനാംശക്കേസും നൽകി. എല്ലാ കേസുകളിലെയും നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. കേസുകൾക്കെതിരെ ഭർത്താവാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സുഖമില്ലാതായാൽ
നോക്കണം
അമ്മായിയച്ഛനും അമ്മായിയമ്മയ്‌ക്കും സുഖമില്ലാതായാൽ അവരെ യുവതി ശുശ്രൂഷിക്കണം. വീട്ടുജോലിക്കാരിയെ ആവശ്യമുണ്ടെങ്കിൽ നിയോഗിക്കാം. യുവതിയുടെ മാതാപിതാക്കൾക്ക് കുട്ടിയെ കാണണമെങ്കിൽ അവിടെ പോയി കാണാൻ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. ഇരുവീട്ടുകാരും പ്രശ്‌നങ്ങളുണ്ടാക്കരുത്. യുവതിയുടെ സഹോദരന്മാരും മാതാപിതാക്കളും ദാമ്പത്യജീവിതത്തിൽ അലോസരമുണ്ടാക്കരുതെന്നും കോടതി നിർദ്ദേശിച്ചു. കീഴ്ക്കോടതിയിലെ കേസുകളും സ്റ്റേ ചെയ്‌തു.
ജീവനാംശം ഇത്രയും
കൊടുക്കേണ്ട
അതേസമയം, മറ്റൊരു ദാമ്പത്യപ്രശ്‌നക്കേസിൽ വരുമാനത്തിന്റെ പകുതിയിലധികം ഭാര്യയ്‌ക്ക് മാസ ചെലവായി നൽകേണ്ടി വരുന്ന ഭർത്താവിന്റെ ബുദ്ധിമുട്ടിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടു. കുടുംബകോടതി ഭാര്യയ്‌ക്ക് അനുവദിച്ച മാസച്ചെലവ് കൂടുതലാണെന്ന് കണ്ടെത്തി. 25,000ൽ നിന്ന് 17,000 ആയി കുറച്ചു. ഭർത്താവിന്റെ ഹർജിയിലാണ് ജസ്റ്റിസ് സ്വരാന കാന്ത ശർമ്മയുടെ നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |