കൊച്ചി: ഗോവിന്ദച്ചാമിയുടെ ദുരൂഹമായ ജയിൽ ചാട്ടത്തിന് ജയിലിനുള്ളിലും പുറത്തും
നിന്ന് സഹായം കിട്ടിയിട്ടുണ്ടെന്ന് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഒരു കൈയ്ക്ക് സ്വാധീനമില്ലാത്തയാൾ പുലർച്ചെ ഒന്നേ കാലിന് ജനൽക്കമ്പി മുറിച്ച് പുറത്തു കടന്ന് തുണികെട്ടി വലിയ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടെന്നത് അവിശ്വസനീയമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാവിലെ അഞ്ചിനാണ് തടവ് ചാടിയത് ജയിൽ അധികൃതർ അറിഞ്ഞത്. ഏഴിനാണ് പൊലീസറിഞ്ഞത്. നാട്ടുകാർ കാട്ടിയ ജാഗ്രതയിലാണ് പ്രതി പിടിയിലായത്. സർക്കാരിന് അപമാനമാണ് ജയിൽ ചാട്ടം. സർക്കാരിന് ഏറ്റവും പ്രിയപ്പെട്ടവർ കണ്ണൂർ സെൻട്രൽ ജയിലിലുണ്ടെന്നറിയാം. ഗോവിന്ദച്ചാമിയും പ്രിയപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്.തടവിൽ കിടക്കുന്നയാൾ കമ്പി മുറിച്ചത് ആരും അറിഞ്ഞില്ലേ? ഇത്രയും നീളമുള്ള തുണി എവിടെ നിന്നാണ് കിട്ടിയത്? തൂങ്ങി ഇറങ്ങുമ്പോൾ നിലത്ത് വീഴാതിരിക്കാൻ കട്ടിയുള്ള ബെഡ്ഷീറ്റാണ് നൽകിയത്. ഒരു കൈക്ക് സ്വാധീനമില്ലാത്തയാൾ മതിൽ ചാടുന്നത് ടാർസന്റെ സിനിമയിൽപ്പോലും കണ്ടിട്ടില്ല. കണ്ണൂർ സെൻട്രൽ ജയിൽ ക്രിമിനലുകൾക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്.ആരോഗ്യ മന്ത്രി പറഞ്ഞതു പോലെ ഇതു സിസ്റ്റത്തിന്റെ കുഴപ്പമാണെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |