ശമ്പളമില്ല, പെൻഷനില്ല: പരീക്ഷ നടത്താനും സർട്ടിഫിക്കറ്റ് അയയ്ക്കാനും പണമില്ല
തിരുവനന്തപുരം: ഒന്നര ലക്ഷത്തോളം കുട്ടികൾക്ക് പരീക്ഷ നടത്താനും സർട്ടിഫിക്കറ്റ് നൽകാനും പോലും പണമില്ലെങ്കിലും,ബഡ്ജറ്റ് പാസാക്കില്ലെന്ന രാഷ്ട്രീയക്കളിയിൽ സ്തംഭിച്ചിരിക്കുകയാണ് സാങ്കേതിക സർവകലാശാല.
സംസ്ഥാനത്തെ എൻജിനിയറിംഗ്, മാനേജ്മെന്റ് കോളേജുകൾ അഫിയിലേറ്റ് ചെയ്തിട്ടുള്ള
സർവകലാശാലയിൽ നിത്യച്ചെലവിനുപോലും പൈസയില്ല. 2 മാസത്തെ പെൻഷനും കഴിഞ്ഞ മാസത്തെ ശമ്പളവും മുടങ്ങിയതിനെത്തുടർന്ന് ബഡ്ജറ്റ് പാസാക്കാൻ ഇന്നലെ സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റി വിളിച്ചെങ്കിലും ക്വോറം തികഞ്ഞില്ല. ഇതോടെ, സാമ്പത്തിക, ഭരണസ്തംഭനത്തിലേക്ക് നീങ്ങി. ഗവർണർ നിയമിച്ച താത്കാലിക വി.സി ഡോ. കെ. ശിവപ്രസാദിന്റെ രാജിയാവശ്യപ്പെട്ടാണ് ഇടതംഗങ്ങളുടെ പോര്.
ധനകാര്യ, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരടക്കം 14പേരുള്ള സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റിയിൽ അഞ്ചംഗങ്ങളുണ്ടെങ്കിൽ ക്വാറം തികയുമായിരുന്നു. വൈസ്ചാൻസലർ ഡോ. കെ. ശിവപ്രസാദ്, രജിസ്ട്രാർ ജി. ഗോപൻ, ഫിനാൻസ് ഓഫീസർ അജികുര്യൻ, ബോർഡ്ഒഫ് ഗവേണേസിലെ അനദ്ധ്യാപക പ്രതിനിധി അസിം റഷീദ്ഖാൻ എന്നിവരേ യോഗത്തിനെത്തിയുള്ളൂ. ഉച്ച വരെ സഥലത്തുണ്ടായിരുന്ന ഡീൻ (റിസർച്ച്) ഡോ.ഷീജ യോഗത്തിന് തൊട്ടുമുൻപ് മടങ്ങി. ഡീൻ(അക്കാഡമിക്) ഡോ.വിനു തോമസ് അവധിയെടുത്തു. ഓൺലൈൻ സംവിധാനമൊരുക്കിയിട്ടും സർക്കാർ പ്രതിനിധികളടക്കം പങ്കെടുത്തില്ല. നേരത്തേ വി.സി മൂന്നു വട്ടം സിൻഡിക്കേറ്റും ഒരു വട്ടം ബോർഡ് ഒഫ് ഗവേണേസും വിളിച്ചെങ്കിലും ക്വോറം തികഞ്ഞിരുന്നില്ല.
പരീക്ഷയ്ക്കടക്കം സോഫ്‌റ്റ്‌വെയർ സേവനം നൽകുന്ന സ്വകാര്യ കമ്പനിക്ക് പ്രതിമാസം 86ലക്ഷം നൽകേണ്ടതാണ്. 2മാസം കുടിശികയായതോടെ പരീക്ഷാ നടത്തിപ്പും പ്രതിസന്ധിയിലാണ്. ബിരുദ സർട്ടിഫിക്കറ്റുകൾ അച്ചടിക്കാനും വിതരണം ചെയ്യുന്ന തപാൽ വകുപ്പിന് നൽകാനും പണമില്ല. ഇ-ഗവേണേൻസ് പദ്ധതിയുടെ സെർവർ നൽകുന്ന ആമസോൺ ക്ലൗഡിനുള്ള ലൈസൻസ് ഫീസും മുടങ്ങി. കെ-ഫോണടക്കം 3ഇന്റർനെറ്റ് സേവനദാതാക്കൾക്കും കടമാണ്. ഇത് മുടങ്ങിയാൽ പരീക്ഷാഫലപ്രഖ്യാപനവും മൂല്യനിർണയവുമെല്ലാം അവതാളത്തിലാവും.
ഇന്ധനമില്ല,
വണ്ടികൾ നിശ്ചലം
□ഇന്ധനമടിക്കാൻ പണമില്ലാത്തതിനാൽ വാഹനങ്ങളെല്ലാം നിശ്ചലം. വൈസ്ചാൻസലർ ഔദ്യോഗിക വാഹനമുപേക്ഷിച്ച് സ്വന്തംകാറിലാണെത്തുന്നത്.
□ബിരുദ സർട്ടിഫിക്കറ്റുകൾ പോസ്റ്റോഫീസിലെത്തിക്കുന്നത് പരീക്ഷാവിഭാഗം ജീവനക്കാരുടെ സ്വകാര്യവാഹനങ്ങളിൽ
□93ജീവനക്കാരുടെയും ഇരുനൂറിലേറെ താത്കാലികക്കാരുടെയും ശമ്പളം മുടങ്ങി.
142
എൻജിനിയറിംഗ് കോളേജുകളാണ് സർവകലാശാലയിൽ
''ബഡ്ജറ്റ് പാസാക്കാനാവാത്തത് ഗവർണറെ അറിയിക്കും. കൈയിൽ പണമില്ലാത്തതിനാൽ ചെലവുകളെല്ലാം മുടങ്ങും""
-ഡോ.കെ.ശിവപ്രസാദ്,
വൈസ്ചാൻസലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |