'തീരദേശം അവയവ കച്ചവടകേന്ദ്രം': ഇരകളിലേറെയും സ്ത്രീകൾ

Friday 08 May 2026 1:14 AM IST

തൃശൂർ: തീരദേശ മേഖലകളിൽ അവയവക്കച്ചവടം വ്യാപകമെന്ന് തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ.ഹിതേഷ് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തൃശൂരിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചേർത്തല,കൊല്ലത്തെ തീരപ്രദേശങ്ങൾ എന്നിവിടങ്ങൾ അവയവക്കച്ചവടത്തിന്റെ കേന്ദ്രമായി മാറിയെന്നാണ് ആരോപണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ലക്ഷ്യമാക്കി മാഫിയകൾ പ്രവർത്തിക്കുന്നതായി ആരോപണവുമുണ്ട്. ഇതിൽ സ്ത്രീകളാണ് കൂടുതൽ ഇരകളെന്നും ഹിതേഷ് ശങ്കർ കേരളകൗമുദിയോട് പറഞ്ഞു. ജില്ലാതല അംഗീകാര സമിതി നിരസിച്ച കേസുകൾ പോലും ഹൈക്കോടതിയുടെ അനുമതി തേടി വീണ്ടും മുന്നോട്ടുപോകുന്നുണ്ട്. സാമ്പത്തിക ഇടപാടുണ്ടെന്ന് പൊലീസ് കണ്ടെത്തിയ കേസ് പോലും അംഗീകാരം നേടിയെന്ന് ഡോ. ഹിതേഷ് വ്യക്തമാക്കി.

സാമൂഹിക പ്രശ്‌നം

സാമ്പത്തിക പിന്നാക്കാവസ്ഥ മുതലെടുത്ത് സ്ത്രീകളെ ഇരയാക്കുകയാണെന്ന സംശയമാണ് ഡോ.ഹിതേഷ് ശങ്കർ പ്രകടിപ്പിക്കുന്നത്. മേയ് 4ന് പരിഗണിച്ച എട്ട് കേസുകളിൽ ഏഴുപേരും സ്ത്രീകളായിരുന്നു. ഇതിൽ പലർക്കും അവയവം സ്വീകരിക്കുന്ന രോഗിയെ നേരിട്ട് പോലും അറിയില്ല. ഭർത്താവിന്റെ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് അവയവദാനം നടത്തുന്നത്. 'ആത്മാർത്ഥ ദാനം' എന്ന പേരിൽ കൃത്രിമക്കഥകളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും പറയുന്നു.