മുസ്‌ലിം ലീഗ് മന്ത്രിമാരെ ഇന്ന് പ്രഖ്യാപിക്കും

Sunday 17 May 2026 2:00 AM IST

മലപ്പുറം: മുസ്‌ലിം ലീഗിന്റെ മന്ത്രിമാരെ ഇന്ന് പ്രഖ്യാപിക്കും. അ‍ഞ്ചാം മന്ത്രിയിൽ തട്ടിയാണ് പൂർണ്ണ പട്ടിക നീളുന്നത്. പി.കെ.കു‍ഞ്ഞാലികുട്ടി,​ എൻ.ഷംസുദ്ദീൻ,​ കെ.എം.ഷാജി,​ പാറയ്ക്കൽ അബ്ദുള്ള എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചു. അഞ്ചാം മന്ത്രിസ്ഥാനം ലഭിച്ചാൽ എ.കെ.എം.അഷ്റഫ് (കാസർകോട്)​,​ വി.ഇ.അബ്ദുൽ ഗഫൂർ (എറണാകുളം)​ എന്നിവരിൽ ഒരാളെ പരിഗണിക്കാനാണ് തീരുമാനം.

മലബാർ പാർട്ടിയെന്ന വിളിപ്പേര് ഒഴിവാക്കാൻ കളമശ്ശേരിയിൽ നിന്നുള്ള വി.ഇ.അബ്ദുൽ ഗഫൂറിനെ പരിഗണിക്കണമെന്ന ആവശ്യത്തിന് ലീഗിൽ മുൻതൂക്കമുണ്ട്. മുൻമന്ത്രി വി.കെ.ഇബ്രാഹീംകുഞ്ഞിന്റെ മകനാണ് അബ്ദുൽ ഗഫൂർ. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത് ഉയർ‌ത്തിക്കാട്ടി എ.കെ.എം അഷ്റഫിനായി മുതിർന്ന നേതാക്കൾ രംഗത്തുണ്ട്. മന്ത്രിസ്ഥാനം രണ്ട് ടേമുകളാക്കി ഇരുവരെയും പരിഗണിക്കുന്ന ഫോർമ്മുലയും ലീഗിന്റെ ആലോചനയിലുണ്ട്.

മലപ്പുറത്ത് നിന്ന് രണ്ട് മന്ത്രിമാർ മതിയെന്ന ച‌ർച്ച പി.കെ.ബഷീറിന്റെ വഴിയടച്ചു. എം.കെ.മുനീറിന്റെ അഭാവത്തിലാണ് അദ്ദേഹത്തിന്റെ പക്ഷക്കാരനായ കെ.എം.ഷാജിയെ പരിഗണിച്ചത്. ജില്ലാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഇന്നലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളെ നേരിൽക്കണ്ട് കോഴിക്കോട്,​ കാസർകോട്,​ എറണാകുളം ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടു. ഇതോടെ മലപ്പുറത്ത് നിന്ന് മൂന്ന് മന്ത്രിമാ‌രെന്നത് രണ്ടായി ചുരുങ്ങി.

വിദ്യാഭ്യാസം

വിട്ടുകൊടുക്കില്ല

ഉമ്മൻചാണ്ടി സർക്കാരിലുണ്ടായിരുന്ന മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും വേണമെന്ന ആവശ്യം ഇന്നലെ തിരുവനന്തപുരത്ത് നടന്ന യു.ഡി.എഫ് ഉഭയകക്ഷി യോഗത്തിൽ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കണമെന്ന് ഔദ്യോഗികമായി കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. എൻ.ഷംസുദ്ദീനെ വിദ്യാഭ്യാസ വകുപ്പിലേക്ക് ലീഗ് പരിഗണിക്കുന്നുണ്ട്.