ശ്രീനാരായണഗുരു വായനശാല പ്രസ്ഥാനത്തിന്റെ പിതാവ് :സ്വാമി സച്ചിദാനന്ദ

Friday 22 May 2026 12:47 AM IST

ശിവഗിരി: കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ് ശ്രീനാരായണഗുരുവാണെന്നത് പലപ്പോഴും വിസ്മരിക്കപ്പെടുന്നുവെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.ചാത്തന്നൂർ സി.കെ.സി പബ്ലിക്ക് ലൈബ്രറിയുടെ പുസ്തക ശേഖരണയജ്ഞം ശിവഗിരി മഠത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.1888 ലെ അരുവിപ്പുറം പ്രതിഷ്ഠയോടെ ശ്രീനാരായണ ഗുരുവാണ് കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനം ആരംഭിച്ചത് .അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് പിന്നാലെ തന്നെ,​ഒരു ക്ഷേത്രത്തോടൊപ്പം വിദ്യാലയം,​വായനശാല,​പൂന്തോട്ടം,​പ്രസംഗവേദി എന്നിവ ഉണ്ടായിരിക്കണമെന്ന് ഗുരു നിർദേശിച്ചിരുന്നു. ആ അർത്ഥത്തിൽ, കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ യഥാർത്ഥ പിതാവ് ശ്രീനാരായണഗുരുവാണ്. ദൗർഭാഗ്യവശാൽ ഗുരുഭക്തർ പോലും മറന്നുപോകുന്നുവെന്നും സ്വാമി പറഞ്ഞു .കെ. ജയഘോഷ് പട്ടേൽ അദ്ധ്യക്ഷത വഹിച്ചു.സ്വാമി സച്ചിദാനന്ദയുടെ വ്യക്തിഗത ശേഖരത്തിൽ നിന്നുള്ള ഏകദേശം 100 പുസ്തകങ്ങൾ ലൈബ്രറി പ്രസിഡന്റായ ബാബു പാക്കനാർ ചടങ്ങിൽ ഏറ്റുവാങ്ങി.സ്വാമി സുകൃതാനന്ദ, സ്വാമി സത്യാനന്ദതീർത്ഥ ,സി.കെ.സി ട്രസ്റ്റ് ജനറൽ സെക്രട്ടറി സുധീർ സോമരാജ്, സെക്രട്ടറി ബാലസുന്ദരം, ട്രഷറർ സജി കുമാർ, ട്രസ്റ്റ് അംഗങ്ങളായ ഷീബ മധു, അജിതകുമാരി, മീനസോമരാജ് എന്നിവർ പങ്കെടുത്തു.