ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ അക്രമം, സംസ്ഥാന പൊലീസിന് വീഴ്ചയില്ല: മുഖ്യമന്ത്രി

Saturday 30 May 2026 12:56 AM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി പുറത്തിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ സി.പി.എമ്മുകാർ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റെയ്ഡിനെക്കുറിച്ച് സംസ്ഥാന സർക്കാരിനെയോ പൊലീസിനെയോ മുൻകൂട്ടി അറിയിച്ചിരുന്നില്ല. സ്ഥലത്ത് ആളുകൾ പ്രകോപനവുമായി കൂട്ടം കൂടുന്നതുകണ്ട് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് സ്വമേധയാ പൊലീസ് സംഘത്തെ അയയ്ക്കുകയായിരുന്നു.

പാർട്ടി ഓഫീസിനു മുന്നിൽ പ്രതികൾക്കായി നേതാക്കളുമായി എ.ഡി.ജി.പി സംസാരിച്ചത് സംഘർഷത്തിന് അയവുവരുത്താനുള്ള ബുദ്ധിപൂർവമായ നീക്കമാണ്. ചില സമയങ്ങളിൽ ഇത്തരം നടപടിയിലൂടെ കടുത്ത സംഘർഷം ലഘൂകരിക്കാനാകും. പ്രതികളെ തെരഞ്ഞ് പാർട്ടി ഓഫീസിൽ പൊലീസ് ബലമായി കയറിയിരുന്നെങ്കിൽ സ്ഥിതികൂടുതൽ മോശമായേനെ. റെയ്ഡ‌് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തത് അതീവ ഗുരുതരമായ കുറ്റകൃത്യമാണ്. അത് അനുവദിക്കില്ല. മുഖം നോക്കാതെ നടപടിയെടുക്കും. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല.

സംസ്ഥാനത്തിന് റോളില്ല

പ്രതിപക്ഷം ആരോപിക്കുന്നതുപോലെ രാഷ്ട്രീയ പാർട്ടികൾ കമ്പനികളിൽ നിന്നു പാർട്ടി ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസല്ല ഇത്. പ്രതിപക്ഷ നേതാവിന്റെ ബന്ധു ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസാണ്. അതുകൊണ്ടാണ് ഇ.ഡി പി.എം.എൽ.എ ആക്ട് അനുസരിച്ചു കേസെടുത്ത് അന്വേഷിക്കുന്നത്. സംസ്ഥാനത്തിന് ഇക്കാര്യത്തിൽ ഒരു റോളുമില്ല. ഹൈക്കോടതി നിർദ്ദേശാനുസരണമാണ് ഇ.ഡി റെയ്ഡ് നടത്തിയത്. കേന്ദ്ര ഏജൻസികൾ എങ്ങനെ അന്വേഷിക്കണമെന്ന് നിർദ്ദേശിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധികാരത്തിൽനിന്ന് എൽ.ഡി.എഫ് സർക്കാർ താഴെയിറങ്ങുന്നതുവരെ ഇ.ഡി ഒന്നും ചെയ്തിട്ടില്ല. വസ്തുത ഇതായിരിക്കെ റെയ്ഡ് നടത്തിയതിന് രാഹുൽഗാന്ധിയെ കുറ്റപ്പെടുത്താനാണ് പിണറായി ശ്രമിച്ചത്. രാഷ്ട്രീയ ഗൂഢാലോചനയിൽ 55 മണിക്കൂറാണ് രാഹുൽഗാന്ധി തുടർച്ചയായി സഹകരിച്ചത്. ഇ.ഡി സംഘത്തെ ആക്രമിക്കാൻ രാഹുൽ കോൺഗ്രസ് പ്രവർത്തകരെ അയച്ചില്ല. അക്രമസംഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടി സി.പി.എം നേതാക്കളിൽ നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു.