ഇ.ഡി കേസ് റദ്ദാക്കണമെന്ന് സി.എം.ആർ.എൽ അപ്പീൽ

Saturday 30 May 2026 12:00 AM IST

കൊച്ചി: എക്‌സാലോജിക് സൊല്യൂഷൻസിന് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന കേസിൽ ഇ.ഡി അന്വേഷണം തുടരാൻ സിംഗിൾബെഞ്ച് അനുമതി നൽകിയതിനെതിരെ സി.എം.ആർ.എൽ ഹൈക്കോടതി ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകി. സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കി ഇ.ഡി അന്വേഷണം തടയണമെന്നാണ് ആവശ്യം. അപ്പീൽ തിങ്കളാഴ്ച പരിഗണനയ്ക്ക് വരും.

കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമപ്രകാരമുള്ള (പി.എം.എൽ.എ)​ അന്വേഷണത്തിന് അനുമതിനൽകി സിംഗിൾബെഞ്ച് ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവ് തെറ്റാണെന്നാണ് അപ്പീലിലെ വാദം. കേസ് റദ്ദാക്കണമെന്ന ആവശ്യം കണക്കിലെടുത്തില്ല. ഇ.ഡിയുടെ സമൻസിനെയാണ് ഹർജിക്കാ‌ർ ചോദ്യംചെയ്യുന്നതെന്ന സിംഗിൾബെഞ്ചിന്റെ വിലയിരുത്തൽ തെറ്റാണ്. പി.എം.എൽ.എ കേസ് രജിസ്റ്റർചെയ്യാൻ എഫ്.ഐ.ആർ ആവശ്യമില്ലെന്ന വിലയിരുത്തൽ നിയമപരമല്ല. ഹർജി ഉത്തരവിനായി മാറ്റിയശേഷം എസ്.എഫ്.ഐ.ഒ നൽകിയ കംപ്ലയിന്റ് റിപ്പോർട്ട് കോടതി കണക്കിലെടുത്തതും തെറ്റാണ്. ഇ.ഡി സമർപ്പിച്ച അധിക സത്യവാങ്മൂലത്തിലെ വസ്തുതകൾ ചോദ്യംചെയ്യാനുള്ള അവസരവും നിഷേധിച്ചു. 2024 ഏപ്രിൽ 12ന് ഫയൽചെയ്ത ഹർജിയിൽ വാദംകേട്ടശേഷം 2024 ആഗസ്റ്റ് ഏഴിന് ആദ്യം ഉത്തരവിനായി മാറ്റിയതാണ്. ഇതിനുശേഷം ഇ.ഡി രണ്ടുതവണ അധിക സത്യവാങ്മൂലവും ഫയൽചെയ്തു. തുടർവാദംകേട്ട സിംഗിൾബെഞ്ച് വീണ്ടും രണ്ടുതവണ ഹർജി ഉത്തരവിനായി മാറ്റി. ഹർജി ഫയൽചെയ്ത് രണ്ട് വർഷത്തിനുശേഷം ഉത്തരവ് പുറപ്പെടുവിച്ചതിൽ അപാകതയുണ്ടെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.