സ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗേൾസിൽ
തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. രാവിലെ 10ന് നടക്കുന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ.മുരളീധരൻ, സി.പി.ജോൺ, മേയർ വി.വി.രാജേഷ് , ശശി തരൂർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആസിഫ് കെ.യൂസഫ് ,ജില്ലാ കളക്ടർ അനുകുമാരി തുടങ്ങിയവർ പങ്കെടുക്കും.
പ്ലസ് ടുവിന് സീറ്റുകൾ കുറവുള്ള ജില്ലകളിൽ അധികം സീറ്റുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു.ആവശ്യമായ സ്ഥലങ്ങളിൽ സീറ്റുകൾ വർദ്ധിപ്പിക്കേണ്ടിവരും. സെൻസസ് ചുമതലയുള്ള അദ്ധ്യാപകരെ സ്ഥലം മാറ്റരുതെന്നാണ് കേന്ദ്ര നിർദ്ദേശമെന്നും ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് യു.ഡി.എഫ് ചർച്ചചെയ്ത് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് എഴുതിയതാണ് ഈ വർഷത്തെ പ്രവേശനോത്സവ ഗാനം . ചലച്ചിത്ര സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബാണ് സംഗീതവും ആലാപനവും. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ദൃശ്യാവിഷ്കാരം നിർവഹിച്ചത് ടി. ഷംനാസ്.