SignIn
Kerala Kaumudi Online
Friday, 26 April 2024 12.07 PM IST

അധികാരവർഗത്തെ വെല്ലുവിളിച്ച പോരാളി,മണ്ണന്തല കരുണാകരന്റെ ഒമ്പതാം ചരമവാർഷികം ഇന്ന്

mannanthala-karunakaran

ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭകാലം. 1942 ആഗസ്റ്റ് 14 ന് രാത്രി രാജ്യവ്യാപകമായി ത്രിവർണപതാക ഉയർത്താൻ തീരുമാനിച്ചിരുന്നു. യുദ്ധകാലമായതിനാൽ അന്ന് സെക്രട്ടേറിയറ്റിലെ ക്ളോക്ക് ടവറിൽ തിരുവിതാംകൂർ രാജാവിന്റെ ശംഖ് അടയാളമുള്ള കൊടിക്കു പകരം സമാധാനത്തിന്റെ വെള്ളക്കൊടിയാണ് പാറുന്നത്. പൊലീസ്- പട്ടാള ബന്തവസിനെ കബളിപ്പിച്ച് കുറച്ചു ചെറുപ്പക്കാർ സെക്രട്ടേറിയറ്റിനുള്ളിൽ പ്രവേശിച്ചു. ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ ക്ളോക്ക് ടവറിൽ പാറിയിരുന്ന വെള്ളക്കൊടി അഴിച്ചുമാറ്റി ഒരു യുവാവ് ത്രിവർണപതാക ഉയർത്തി. ജീവൻ പണയംവച്ച് ഈ കൃത്യം ചെയ്ത യുവാവിന്റെ പേര് മണ്ണന്തല കരുണാകരൻ എന്നായിരുന്നു.

1935 കാലഘട്ടത്തിൽ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ തുടങ്ങിയ മണ്ണന്തല കരുണാകരനെ സ്റ്റേറ്റ് കോൺഗ്രസിലേക്ക് ആകർഷിച്ചത് മഹാത്മാഗാന്ധിയുടെ പ്രവർത്തനമായിരുന്നു.

1938ൽ, നിരോധിക്കപ്പെട്ട വട്ടിയൂർക്കാവ് സ്റ്റേറ്റ് കോൺഗ്രസ് സമ്മേളനത്തിന് പൊലീസിന്റെയും പട്ടാളത്തിന്റെയും വിലക്ക് മറികടന്ന് കരുണാകരൻ സമ്മേളനമൈതാനത്തെ കമുകിൽകയറി ത്രിവർണപതാക ഉയർത്തിയത് അധികാരവർഗ്ഗത്തെ ഞെട്ടിച്ചു.

1937 ലാണ് ടി.വി തോമസ് സെക്രട്ടറിയായി അഖിലേന്ത്യാ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഘടകം തിരുവിതാംകൂറിൽ സ്ഥാപിതമായത്. പി.എ. സോളമൻ സെക്രട്ടറിയായി. തിരുവനന്തപുരത്ത് പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തത് "മേനവൻ" എന്നറിയപ്പെടുന്ന സി. ഉണ്ണിരാജ ആയിരുന്നു. കരുണാകരൻ, ഉള്ളൂർ ഗോപി, തൈക്കാട് ഭാസ്‌കർ എന്നിവരായിരുന്നു പ്രവർത്തകർ. കരുണാകരന് പാർട്ടി നൽകിയ ചുമതല സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തനം തുടരാനായിരുന്നു. പാർട്ടിപ്രവർത്തനം തുടങ്ങിയ 1940 ൽ തന്നെ അംഗമായ ആദ്യ മൂന്നുപേരിലൊരാളാണ് കരുണാകരൻ.

സർക്കാർ വേട്ടയാടുന്ന നേതാക്കളെ ഒളിവിൽ പാർപ്പിക്കുന്നതിലും സുരക്ഷിതമായി നിർദ്ദിഷ്ട സ്ഥാനങ്ങളിലെത്തിക്കുന്നതിലും കരുണാകരന്റെ ജാഗ്രത പാർട്ടിയുടെ പ്രശംസ നേടി. അതീവ രഹസ്യസ്വഭാവമുള്ള ഓപ്പറേഷനുകളുടെ സൂത്രധാരനെന്ന നിലയിൽ "മൂക്കൻ" എന്ന രഹസ്യപ്പേരിലാണ് കരുണാകരൻ അറിയപ്പെട്ടിരുന്നത്. പി. കൃഷ്ണപിള്ള, ഇ.എം.എസ്, ഇ.കെ. നായനാർ, കെ.വി. പത്രോസ്, തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളായ ജീവാനന്ദം, ഇളങ്കോവൻ എന്നിവർക്കൊക്കെ ഒളിത്താവളങ്ങളൊരുക്കി. കയ്യൂർ പോരാട്ടത്തെ തുടർന്ന് ഒളിവിൽപോയ ഇ.കെ. നായനാർക്ക്, പത്രാധിപർ കെ. സുകുമാരനുമായുള്ള സൗഹൃദം ഉപയോഗപ്പെടുത്തി കേരളകൗമുദിയിൽ ജോലി തരപ്പെടുത്തിക്കൊടുത്തത് കരുണാകരനായിരുന്നു.

ട്രേഡ് യൂണിയൻ നേതാവെന്ന നിലയിലും തിരുവിതാംകൂറിൽ മുന്നിൽനടന്ന കമ്മ്യൂണിസ്റ്റാണ് മണ്ണന്തല കരുണാകരൻ. ട്രിവാൻഡ്രം റബർ വർക്സ്, ട്രിവാൻഡ്രം ഫ്ളൈയിംഗ് ക്ളബ്, ട്രിവാൻഡ്രം സിറ്റി ഇംപ്രൂവ്മെന്റ് ട്രസ്റ്റ് യൂണിയനുകളുടെയും പച്ചത്തൊണ്ട് വ്യവസായ തൊഴിലാളി യൂണിയൻ, ട്രിവാൻഡ്രം ലേബർ യൂണിയൻ എന്നിവയുടെയും സ്ഥാപക നേതാക്കളിലൊരാളായിരുന്നു.

തിരുവനന്തപുരം നഗരസഭയുടെ ചാക്ക വാർഡിന്റെ ശില്പി കരുണാകരനാണ്. 1956 മുതൽ തുടർച്ചയായി അഞ്ചുതവണ നഗരസഭാംഗമായും സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ ചെയർമാനായും പൗരമുന്നണി പാർട്ടി ലീഡറായും പ്രവർത്തിച്ചു. കരുണാകരൻ പ്രതിനിധാനം ചെയ്ത ചാക്ക വാർഡിലുള്ള തിരുവനന്തപുരത്തെ ഏറ്റവും പഴക്കമേറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ചാക്ക ഗവൺമെന്റ് യു.പി സ്കൂളിന് മണ്ണന്തല കരുണാകരൻ സ്മാരക ഗവൺമെന്റ് യു.പി സ്കൂൾ എന്ന് പുനർനാമകരണം ചെയ്ത് നഗരസഭ അദ്ദേഹത്തെ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.