'പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവയ്‌ക്കണം'; കെ കെ രമ

Wednesday 06 May 2026 1:08 PM IST

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന് കെ കെ രമ. ധർമടം പോലുള്ള സ്ഥലത്തടക്കം പിന്നിലേക്കുപോയതിന്റെ പ്രധാന കാരണം ഭരണവിരുദ്ധ വികാരവും നേതൃത്വത്തോടുള്ള എതി‌ർപ്പുമാണെന്നും കെ കെ രമ വ്യക്തമാക്കി.

'സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ കയ്യൂരും കരിവെള്ളൂരും ഉൾപ്പെടെയുള്ള ഗ്രാമങ്ങൾ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്‌തു. അത്രയേറെ ഭരണവിരുദ്ധതയും നേതാക്കളോടുള്ള എതിർപ്പും അവിടങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. സിപിഎമ്മിന്റെ ഇന്നത്തെ പോക്കിനെതിരെ അണികൾ തന്നെയാണ് അവരെ പരാജയപ്പെടുത്തിയിരിക്കുന്നത്' - കെ കെ രമ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് ആരെ തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്നും പാർട്ടിയോട് ആലോചിച്ചിട്ട് മാത്രമേ മന്ത്രിസ്ഥാനം സ്വീകരിക്കുന്നതിൽ തീരുമാനം എടുക്കുകയുള്ളു എന്നും കെ കെ രമ വ്യക്തമാക്കി.