തിരുവനന്തുപുരം: ഈ മാസം അവസാനിക്കാൻ മൂന്നു നാൾ ശേഷിക്കെ, കെ.എസ്.ആർ.ടി.സിയിലെ താൽക്കാലിക ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയിട്ടില്ല. സ്ഥിരം ജീവനക്കാർക്ക് മാസത്തിലെ ആദ്യ ദിനവും സ്വിഫ്റ്റിലെ ജീവനക്കാർക്ക് അഞ്ചാം തീയതിയും ശമ്പളം നൽകുന്ന കെ.എസ്.ആർ.ടി.സി താൽക്കാലിക ജീവനക്കാരോട് കാട്ടുന്നത് ക്രൂരമായ അവഗണന.
3200 താൽക്കാലിക ജീവനക്കാരാണ് കോർപറേഷനിലുള്ളത്. സ്ഥിരം ജീവനക്കാർ അവധിയാകുമ്പോഴും മറ്റും സർവീസ് മുടങ്ങാതെ താങ്ങാവുന്നത് ഇവരാണ്. മേയ് മാസത്തെ ശമ്പളം കിട്ടിയത് ജൂൺ 15നായിരുന്നു. എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി ജോലി നേടിയവരാണ് ഭൂരിഭാഗം താൽക്കാലികക്കാരും. മിക്കവർക്കും 15 വർഷത്തിലേറെ സർവീസുമുണ്ട്. തൊഴിലാളി സംഘടനകളൊന്നും ഇവരുടെ കാര്യം ശക്തമായി മാനേജ്മെന്റ് മുന്നിലെത്തിക്കാറില്ല. ചെയ്ത ജോലിക്ക് കൂലി നൽകാതെ പറ്റിക്കുന്നതിനോടൊപ്പമാണ് ദൂരെയുള്ള ഡിപ്പോകളിലേക്ക് സ്ഥലം മാറ്റിയുള്ള ദ്രോഹവും. തിരുവനന്തപുരത്തെ ചില താൽക്കാലികക്കാർക്ക് സ്ഥലം മാറ്റം നൽകിയത് ഈരാറ്റുപേട്ടയിലേക്ക്.
715 രൂപയാണ് ഒരു ദിവത്തെ വേതനം. സ്ഥലംമാറ്റം കിട്ടിയവർ താമസം, ഭക്ഷണം എന്നിവയ്ക്കുള്ള വകയെല്ലാം ഈ തുകയിൽ നിന്നും കണ്ടെത്തണം. ഡ്യൂട്ടി കിട്ടിയാലെ
ശമ്പളമുള്ളൂ. മറ്റുള്ള ജീവനക്കാർക്ക് ഇൻസെന്റീവ് കിട്ടുമ്പോൾ ഇവർക്കത് കിട്ടാക്കനിയാണ്. ശമ്പള മുടക്കം പതിവായപ്പോൾ മലബാർ മേഖലയിലെ താൽക്കാലിക ജീവനക്കാരിൽ 116 പേർ ജോലി ഉപേക്ഷിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |