ഉടലും മനവും ലാലേട്ടന്, താരമായി ബോണി ചെറിയാൻ
കൊച്ചി: മീശപിരിച്ച് ചെത്ത് സ്റ്റൈലിൽ മോഹൻലാലിന്റെ ചിത്രം കുംഭയിൽ. പിറന്നാൾ ആശംസ നേരുന്ന പ്ളക്കാർഡ് കൈയിൽ. എറണാകുളം എം.ജി റോഡിന്റെ ഓരംചേർന്നുള്ള നടത്തം നിന്നത് കവിതാ തിയേറ്ററിൽ. അവിടെ ദൃശ്യം 3ന്റെ റിലീസാണ്. ഇഷ്ടപ്രകടനം വ്യത്യസ്തമാക്കി ബോണി ചെറിയാനും ഇന്നലെ താരമായി.
ചോറ്റാനിക്കരയിലെ പെറ്റ് ഷോപ്പ് ഉടമയാണ് പനമ്പിള്ളി നഗർ വട്ടച്ചാണയ്‌ക്കൽ ബോണി ചെറിയാൻ (59). ഇന്നലെ ലാലിന്റെ 66-ാം ജന്മദിനവും ദൃശ്യം 3ന്റെ റിലീസും ഒത്തുവന്നത് ആഘോഷിക്കുകയായിരുന്നു ബോണി. ബുധനാഴ്ച ഉറക്കമിളച്ചാണ് ചിത്രം വരച്ചുചേർത്തത്. രാത്രി 12.10ന് തുടങ്ങിയ മേക്കപ്പ് പൂർത്തിയായത് ഇന്നലെ രാവിലെ 7ന്. പ്രഭു എന്ന സുഹൃത്തായിരുന്നു ചിത്രകാരൻ. രാവിലെ 8ന് കവിത തിയേറ്ററിലെത്തി. 11ന്റെ രണ്ടാമത്തെ ഷോ കഴിയുംവരെ അവിടെ തുടർന്നു. വൈകിട്ട് 4.30ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുസമീപം ചായക്കടയിലെ പൗരസ്വീകരണം. രാത്രി 7നാണ് മേക്കപ്പ് അഴിച്ചത്.
തുടക്കം പ്രച്‌ഛന്നവേഷ മത്സരങ്ങളിലൂടെ
സ്കൂൾ പഠനകാലത്ത് പ്രച്‌ഛന്നവേഷ മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. ശീലം ഉപേക്ഷിച്ചില്ല. തൃപ്പൂണിത്തുറ അത്തച്ചമയത്തിനു മോഹൻലാലിന്റെ 36 കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഉമ തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനവേളയിലും ബോണിയുടെ പ്രകടനം ഉണ്ടായിരുന്നു. കോസ്റ്റ്യൂം മേക്കപ്പ് ഉൾപ്പെടെ എല്ലാ ചെലവുകളും സ്വന്തം കൈയിൽ നിന്നാണ്. 70,000രൂപവരെ ചെലവുവന്ന പരിപാടിയുമുണ്ട്. വീട്ടമ്മയായ പിങ്കിയാണ് ഭാര്യ. മക്കൾ: കരേൻ, കെവിൻ.