മൂടി ഇല്ലാത്ത ഓടയിൽ വീണത് ആരുമറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യം

Saturday 16 May 2026 3:06 PM IST

ആലപ്പുഴ: മൂടിയില്ലാത്ത ഓടയിലെ മലിനജലത്തിൽ വീണ് യുവാവ് മരിച്ചു. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ (45) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ചാത്തനാട് ഭാഗത്തെ തുറന്നുകിടന്ന ഓടയിൽ ഒഴുക്കിൽപ്പെട്ട നിലയിൽ നാട്ടുകാ‍ർ ബോബച്ചന്റെ മൃതദേഹം കണ്ടെത്തിയത്.

രാത്രി പെയ്ത മഴയിൽ കാൽ വഴുതി ഓടയിലേക്ക് വീണതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. ബോബച്ചന് അപകടം സംഭവിച്ച വിവരം രാത്രി ആരും അറിഞ്ഞിരുന്നില്ല. ഓടയ്ക്ക് കൈവരിയോ മൂടിയോ ഉണ്ടായിരുന്നില്ല. മഴപെയ്ത് വെള്ളം നിറഞ്ഞുകഴിഞ്ഞാൽ ഓട തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണെന്നും മുന്നറിയിപ്പ് ബോർഡുകൾ ഒന്നും സ്ഥാപിച്ചിരുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. ബോബച്ചന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.