കടമുറിയിൽ യുവാവ് തീകൊളുത്തി മരിച്ച നിലയിൽ; മകൾക്കും ഗുരുതര പൊള്ളൽ

Friday 15 May 2026 2:56 PM IST

കോഴിക്കോട്: നരിക്കുനിയിൽ കടമുറിയ്ക്കുള്ളിൽ യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി കൊടുവള്ളി റോഡിലെ കടയ്ക്കുള്ളിലാണ് പറമ്പിൽ ബസാർ സ്വദേശി വി.ടി.വിനേഷ് കുമാറിനെ(45) മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന വിനേഷിന്റെ എട്ടു വയസുള്ള മകൾക്കും ഗുരുതരമായി പൊള്ളലേറ്റു. കുട്ടി നിലവിൽ മെഡിക്കൽ കോളേ‌ജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെ കടമുറിക്കുള്ളിൽ നിന്ന് പുക ഉയരുകയും ശബ്ദം കേൾക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി ഷട്ടർ ഉയർത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നടത്തിയ തിരച്ചിലിലാണ് വിനേഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നും സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും കുറിപ്പിൽ പറയുന്നു. മരണത്തിൽ മറ്റ് ദുരൂഹതകളില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.