തിരുവനന്തപുരം: പാൽ സ്വയംപര്യാപ്തതയെന്ന സർക്കാർ ലക്ഷ്യം പൂർത്തീകരിക്കാൻ ത്രിതല പഞ്ചായത്തുകളുടെ സഹകരണം അനിവാര്യമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
ലോക ക്ഷീരദാനാചരണത്തിന്റെയും അന്താരാഷ്ട്ര സഹകരണ വർഷാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ടാഗോർ തീയേറ്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി .
സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇൻഷ്വർ ചെയ്യുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കും. ഈ വർഷം പതിനായിരം കന്നുകാലികളെ കൂടി കേരളത്തിലേക്ക് കൊണ്ടു വരും. പശുക്കളുടെ ചികിത്സയ്ക്കായി ഓൺലൈനായി ഒ.പി ടിക്കറ്റ് എടുക്കുന്ന സംവിധാനം എല്ലാ ജില്ലകളിലും നടപ്പാക്കും. മികച്ച ആഹാരം, ആരോഗ്യം, സുസ്ഥിരത, ജീവനോപാധി എന്നീ നിലകളിൽ ക്ഷീരമേഖലയുടെ പ്രസക്തി വലുതാണ്. യുവതലമുറയുടെ ശാരീരിക ബൗദ്ധിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിൽ പാലും പാലുൽപ്പന്നങ്ങളും വഹിക്കുന്ന പങ്ക് പുതുതലമുറ തിരിച്ചറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. "സഹകരണ പ്രസ്ഥാനവും ക്ഷീരമേഖലയും" എന്ന വിഷയത്തിൽ മിൽമ ചെയർമാൻ കെ.എസ്.മണി പ്രഭാഷണം നടത്തി. മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വൽസലൻപിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.പി.മുരളി, കെ.എൽ.ഡി.ബി മനേജിംഗ് ഡയറക്ടർ ഡോ. ആർ.രാജീവ് എന്നിവർ പങ്കെടുത്തു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് സ്വാഗതവും ജോയിന്റ് ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ക്ഷീരകർഷകരുടെ വിജയഗാഥകളുടെ അവതരണവും, ക്ഷീരമേഖലയിലെ നൂതന പദ്ധതികൾ, വിവിധ വായ്പ പദ്ധതികൾ എന്നിവയെകുറിച്ചുള്ള ക്ലാസ്സുകളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |