കന്നിവിജയത്തിൽ മന്ത്രിപദം

Sunday 17 May 2026 12:40 AM IST

ആലപ്പുഴ: തോൽവികളിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയർന്ന കായംകുളം നിയുക്ത എം.എൽ.എ എം.ലിജുവിന് (46) ആദ്യവിജയ മധുരമാകും മന്ത്രിപദം. മൂന്ന് തവണ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോൽവി നുണഞ്ഞു.

ആ നോവ് വോട്ടർമാരോട് തുറന്നുപറഞ്ഞ് വിതുമ്പിയ ലിജുവിന് ജനം എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് തന്നെ പിടിച്ചെടുത്തു നൽകി. 2011ൽ അമ്പലപ്പുഴയിൽ ജി.സുധാകരനോട്, 2016ൽ കായംകുളത്ത് യു.പ്രതിഭയോട്, അമ്പലപ്പുഴയിൽ എച്ച്.സലാമിനോട് എന്നിങ്ങനെയായിരുന്നു പരാജയം. കെ.പി.സി.സി വൈസ് പ്രസിഡന്റായ ലിജുവിനെ പാർട്ടിയിലെ സീനിയോറിട്ടിയും സാമുദായിക പരിഗണനകളുമാണ് തുണച്ചത്.

കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ആലപ്പുഴ ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി, രാഷ്ട്രീയ കാര്യസമിതി അംഗം, സംഘടനാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഫിസിക്‌സിൽ ബിരുദം, നിയമത്തിൽ ബിരുദാനന്തര ബിരുദം എന്നിവ നേടിയിട്ടുണ്ട്. ചെറുതന ആനാരി മീനത്തേതിൽ പൊലീസ് കോൺസ്റ്റബിളായി വിരമിച്ച മോഹൻലാൽ - ചന്ദ്രിക ദമ്പതികളുടെ മകനാണ്. ഭാര്യ: അമ്പിളി. മക്കൾ: ഗാർഗി പ്രിയദർശിനി, ഗഗന പ്രിയദർശിനി.