അഞ്ച് വർഷം: നജീബിന്റെ റാക്കറ്റ് നടത്തിയത് 40 അവയവ കൈമാറ്റം

Sunday 17 May 2026 12:30 AM IST

കൊച്ചി: മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം പേരിൽ വ്യാജരേഖ ചമച്ച് അവയവക്കച്ചവടം നടത്തിയ കേസിൽ അറസ്റ്റിലായ മുഹമ്മദ് നജീബിന്റെ റാക്കറ്റ് 2021 മുതൽ സജീവമാണെന്ന് കണ്ടെത്തി പ്രത്യേക അന്വേഷണസംഘം. 40 അവയവമാറ്റ ഇടപാടുകൾ നടത്തിയതായി കാസർകോട് കൽനാട് സ്വദേശി നജീബ് പൊലീസിനോട് സമ്മതിച്ചു. കൂടുതൽ സംഘാംഗങ്ങൾ വരും ദിവസങ്ങളിൽ അറസ്റ്റിലാകും.

നജീബിന്റെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിച്ചു വരികയാണ്. പണം എവിടെ നിന്നു വന്നു, ആർക്കൊക്കെ കൈമാറി എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇയാളുമായി പണമിടപാട് നടത്തിയവരുടെ മൊഴികൾ രേഖപ്പെടുത്തും.

നജീബിന്റെ പ്രധാന ഇടനിലക്കാരിൽ ഒരാളായ മറയൂർ സ്വദേശി ഡെബിൻ ജോസഫിനെ അറസ്റ്റ് ചെയ്തിരുന്നു. സ്പാ കേന്ദ്രങ്ങൾ മറയാക്കിയായിരുന്നു ഇയാളുടെ പ്രവർത്തനം. ഡെബിനെപ്പോലെ, മറ്റു പല ബിസിനസുകളും ചെയ്യുന്ന നിരവധി ഏജന്റുമാർ നജീബിനുണ്ടെന്ന് അന്വേഷണസംഘം കരുതുന്നു.

നജീബിന്റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. റിമാൻഡിലുള്ള ഡെബിൻ ജോസഫിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഇരുവരെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്.

വിവിധ ജില്ലകളിൽ അവയവം നൽകിയവരുടെയും സ്വീകരിച്ചവരുടെയും മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്. നജീബിന്റെ ഭാര്യ റഷീദ ഉൾപ്പെടെ ഒൻപത് പേരും ഇപ്പോൾ റിമാൻഡിലാണ്.

സാമ്പത്തികമായി തകർന്നവരെ കണ്ടെത്തി അഞ്ച് മുതൽ പത്ത് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്താണ് നജീബ് വലയിലാക്കുന്നത്. അവയവം ആവശ്യമുള്ള രോഗികളിൽ നിന്ന് ഇയാൾ ഈടാക്കുന്നത് 40 മുതൽ 50 ലക്ഷം രൂപ വരെയാണ്. ഇതിൽ ഭൂരിഭാഗവും നജീബ് കമ്മിഷനായി കൈക്കലാക്കിയെന്നാണ് കണ്ടെത്തൽ.