എൻ.സി.പി പിളർന്നു, പുതിയ പാർട്ടി അടുത്ത മാസം

Saturday 30 May 2026 12:09 AM IST

കൊച്ചി: എൻ.സി.പി. (എസ്) സംസ്ഥാന ഘടകം പിളർന്നു. ശരത് പവാർ നയിക്കുന്ന കേന്ദ്രനേതൃത്വത്തിന്റെ ബി.ജെ.പി ബന്ധത്തിൽ പ്രതിഷേധിച്ച് മുൻമന്ത്രി എ.കെ.ശശീന്ദ്രന്റെയും തോമസ് കെ.തോമസിന്റെയും നേതൃത്വത്തിലുള്ളവരാണ് ഇന്നലെ കൊച്ചിയിൽ യോഗംചേർന്നശേഷം എൻ.സി.പി വിട്ടത്. പുതിയപാർട്ടി അടുത്തമാസം പ്രഖ്യാപിക്കും.

തോമസ് കെ.തോമസിനെ മാറ്റി അഡ്വ. പി.എം.സുരേഷ് ബാബുവിനെ സംസ്ഥാന പ്രസിഡന്റായി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചതിനെ തുടർന്നാണ് പിളർപ്പ്. ദേശീയ ജനറൽ സെക്രട്ടറി പി.സി.ചാക്കോയോടുള്ള എതിർപ്പും പിളർപ്പിന് പിന്നിലുണ്ട്. പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും അണികളും ഇടതുപക്ഷത്തുള്ള എ.കെ. ശശീന്ദ്രനും തോമസ് കെ.തോമസിനുമൊപ്പമാണ്. അതിനിടെ ഇന്നലെ ഒ‌ൗദ്യോഗികപക്ഷം കോട്ടയത്ത് നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചു.