SignIn
Kerala Kaumudi Online
Thursday, 19 February 2026 2.35 AM IST

കർമയോദ്ധയുടെ തിരക്കഥ മോഷണം , നിർമ്മാതാവിനും മേജർ രവിക്കും 30 ലക്ഷം പിഴ

Increase Font Size Decrease Font Size Print Page
r

കോട്ടയം : മോഹൻലാൽ നായകനായ കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന കേസിൽ സംവിധായകൻ മേജർ രവിയും നിർമ്മാതാവും ചേർന്ന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. തിരക്കഥ തന്റേതാണെന്ന പുതുപ്പള്ളി സ്വദേശി റെജി മാത്യുവിന്റെ ഹർജിയിലാണ് ഉത്തരവ്. കോട്ടയം കൊമേഴ്സ്യൽ കോടതി ജഡ്ജി മനീഷ് ഡി.എയുടേതാണ് നഷ്ടപരിഹാരവും പകർപ്പവകാശവും പരിഗണിച്ചുള്ള വിധി.

മേജർ രവി, റെഡ് റോസ് കമ്പയിൻസ് എന്ന പ്രൊഡക്ഷൻ കമ്പനി ഉടമ ഹനീഫ് മുഹമ്മദ് തുടങ്ങിയവർക്കെതിരെയായിരുന്നു പരാതി. പരാതി നൽകി 12 വർഷത്തിനു ശേഷമാണ് വിധി. 2012 ഡിസംബറിൽ റിലീസ് ചെയ്ത സിനിമയിൽ തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ചെന്നായിരുന്നു റെജിയുടെ പരാതി. സിനിമ റിലീസ് ചെയ്യുന്നതിന് ഒരു മാസം മുമ്പ് തടയണം എന്നാവശ്യപ്പെട്ട് റെജി കോടതിയെ സമീപിച്ചിരുന്നു. അന്ന് 5 ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ച് സിനിമ റിലീസ് ചെയ്യാൻ അനുവദിച്ചു. കഥ തന്റേതാണെന്നായിരുന്നു മേജർ രവിയുടെ അവകാശവാദം. തിരക്കഥ സംബന്ധിച്ച് റെജി മാത്യുവിനോടും സംസാരിച്ചിരുന്നെന്നും ലൊക്കേഷനിൽ ഷൂട്ടിംഗ് സമയത്ത് കീറി എറിഞ്ഞു കളഞ്ഞ സീനുകൾ സംഘടിപ്പിച്ച് റെജി പകർത്തി എഴുതിയതാണെന്നുമായിരുന്നു മേജർ രവിയുടെ വാദം. എന്നാൽ തിരക്കഥയുടെയും സംഭാഷണത്തിന്റെയും നോട്ടറി സാക്ഷ്യപ്പെടുത്തിയ കൈയെഴുത്ത് പ്രതികൾ ഹർജിക്കാരൻ സമർപ്പിച്ചിരുന്നു. ഹർജിക്കാരനായി അഭിഭാഷകരായ പി.കെ. ചിത്രഭാനു, ജോജോ തോമസ് എന്നിവർ ഹാജരായി.

TAGS: RAVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY