20 വർഷത്തെ ജയിൽവാസത്തിന് വിരാമം, പെരുന്നാൾ ദിനത്തിൽ റഹീമെത്തി ഉമ്മയുടെ സ്നേഹത്തണലിൽ

Saturday 30 May 2026 12:37 AM IST

കോഴിക്കോട്: കോടമ്പുഴയിലെ 'സീനത്ത് മൻസിലിൽ' വ്യാഴാഴ്ച സ്നേഹപ്പെരുന്നാളായിരുന്നു. 20 വർഷത്തെ ജയിൽ ജീവിതത്തിനൊടുവിൽ കുടുംബത്തിന്റെ സ്നേഹത്തണലിലേക്ക് റഹീം പറന്നിറങ്ങിയ ദിവസം. മകനെ ചേർത്തിരുത്തി ബീഫ് ബിരിയാണി വാരിക്കൊടുക്കുമ്പോൾ ഉമ്മ ഫാത്തിമയുടെ കണ്ണുകളിൽ സന്തോഷക്കണ്ണീർ. സ്നേഹത്തിന്റെ രുചിയറിഞ്ഞ് ഭക്ഷണം കഴിച്ചപ്പോൾ റഹീമും വിതുമ്പി. ''എരിവ് കുറച്ചധികമായിരുന്നു..... അവിടെ എരിവും പുളിയുമില്ലാത്ത ഭക്ഷണമായിരുന്നു ''- റഹീം ചിരിച്ച് പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഫാത്തിമ വീണ്ടും മകനെ ചേർത്തുപിടിച്ചു. മരണത്തിനും ഇരുമ്പറയ്ക്കും ഇടയിൽ കഴിഞ്ഞ റഹീമിന് പെരുന്നാളും ഓണവുമെല്ലാം നിറമില്ലാത്ത ദിനങ്ങളായിരുന്നു.

വർഷങ്ങളായി വീട്ടിൽ നിന്നിറങ്ങാതെ ജീവിച്ച ഫാത്തിമ റഹീമിനൊപ്പം ഹജ്ജിന് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇരുപത് വർഷത്തെ ജയിലോർമ്മകൾ മായ്ക്കാൻ കുടുബവുമൊത്ത് ഒരു പാട് യാത്രകൾ ചെയ്യണമെന്ന് റഹീം പറ‌ഞ്ഞു. തന്നെപ്പോലെ വിദേശത്ത് കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങും. പഴയ തറവാട്ട് വീട് മ‌ോടി പിടിപ്പിച്ച് അവിടേക്ക് മാറണമെന്നുണ്ട്. ജോലി കിട്ടിയാൽ വിവാഹം കഴിച്ച് നല്ലൊരു വീട് പണിത് ഉമ്മയേയും അങ്ങോട്ട് മാറ്റണം- റഹീം പറയുന്നു.

സൗദി സമയം ബുധനാഴ്ച രാത്രി 11.55 ന് റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയർ ഇന്ത്യ എക്‌സ്‌പ്രസി​ലാണ് റഹീം വ്യാഴാഴ്ച രാവിലെ 7.35 ഓടെ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്. തുടർന്ന് ഫറോക്കിലെ കോടമ്പുഴ മച്ചിലകത്ത് സീനത്ത് മൻസിലിൽ.

ജയിലെന്ന തടവറ

സൗദിയിൽ എത്തി ആദ്യ ശമ്പളം പോലും വാങ്ങാതെ 28-ാം ദിവസമാണ് റഹീം ജയിലിലാകുന്നത്. പിന്നീട് മൂന്ന് ജയിലുകളിലേക്ക് മാറ്റി. ആദ്യം വിദേശികളും സ്വദേശികളുമെല്ലാം നിറഞ്ഞൊരു ജയിൽ. പിന്നീട് വിദേശികൾക്ക് മാത്രം. വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ കൂടുതൽ നിയന്ത്രണങ്ങളുള്ള ജയിലിൽ. തുടക്കത്തിൽ ആഴ്ചയിൽ എല്ലാ ദിവസവും ഫോണിൽ സംസാരിക്കാമായിരുന്നു. പിന്നീട് നിയന്ത്രണം കൂടി. ആഴ്ചയിൽ നാല് തവണ പതിനഞ്ച് മിനിറ്റ് സംസാരിക്കാൻ അനുമതി. പ്രാർത്ഥനയും മതഗ്രന്ഥങ്ങൾ വായിച്ചും കൂടെയുള്ളവരോട് സംസാരിച്ചും ദിവസങ്ങൾ തള്ളിനീക്കി. മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരായിരുന്നു ജയിലിൽ കൂടുതലും.

 യാത്ര 24ാം വയസിൽ

സ്‌പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകൻ അനസ് അൽ ശഹ്റി മരിച്ച സംഭവത്തിൽ കുറ്റാരോപിതനായി 2006ലാണ് റഹീം ജയിലിലായത്. അന്ന് റഹീമിന് പ്രായം 24. കൈപ്പിഴയായിരുന്നിട്ടും കോടതി റഹീമിന് വധശിക്ഷ വിധിച്ചു. പിന്നീട് കേരളമാകെ ചേർന്നു സമാഹരിച്ച 34 കോടി കൈമാറിയതോടെയാണ് റഹീമിന്റെ വധശിക്ഷ 2024 ജൂൺ രണ്ടിന് റിയാദ് കോടതി റദ്ദാക്കിയത്.