ഒടുവിൽ മൗനം വെടിഞ്ഞു; വി ഡി സതീശന് ആശംസ, മന്ത്രിമാരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയെന്നും രമേശ് ചെന്നിത്തല

Friday 15 May 2026 7:39 AM IST

തൃശൂർ: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി ഡി സതീശന് എല്ലാവിധ ആശംസകളും നേരുന്നു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ക്ഷേത്ര ദർശനത്തിനായി ഗുരുവായൂരിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് മനസുതുറന്നത്.

'കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെയും യുഡിഎഫ് പ്രവർത്തകരുടെയും പൂർണ പിന്തുണ വി ഡി സതീശനുണ്ടാകും. പത്തുവർഷക്കാലത്തെ ഇടത് ഭരണത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്തമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ളത്. മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്'- ചെന്നിത്തല വ്യക്തമാക്കി. വി ഡി സതീശൻ, കെ സി വേണുഗോപാൽ എന്നിവർക്കൊപ്പം മുഖ്യമന്ത്രി പദവിയിലേക്ക് അവസാനവട്ട ചർച്ചകളിൽവരെ പരിഗണിക്കപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രി പദത്തിൽ നിന്ന് ഒഴിവാക്കിയതിലുള്ള അതൃപ്തി രമേശ് ചെന്നിത്തല പ്രകടിപ്പിച്ചിരുന്നു. അസംതൃപ്തി രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് സൂചന. പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുത്തില്ല. എന്നാൽ വി ഡി സതീശനെ പിന്തുണച്ച് കത്തു നൽകിയിരുന്നു.

മന്ത്രിസഭയിൽ ചെന്നിത്തലയ്ക്ക് സുപ്രധാന സ്ഥാനം ഉറപ്പാണ്. സ്വീകരിക്കാൻ അദ്ദേഹം തയ്യാറാകുമോ എന്നതാണ് പ്രധാനം. തന്നേക്കാൾ ജൂനിയറായ മുഖ്യമന്ത്രിക്ക് കീഴിൽ പ്രവർത്തിക്കേണ്ടി വരുമെന്നത് അലോസരപ്പെടുത്തുന്നുവെന്നും മന്ത്രിസഭയിലേയ്ക്ക് ഇല്ലെന്നും അദ്ദേഹം അടുപ്പക്കാരോട് പറഞ്ഞതായുള്ള വിവരമുണ്ട്. പ്രഖ്യാപനം നടത്തും മുമ്പ് രാഹുൽഗാന്ധി അനുനയിപ്പിക്കാൻ ചെന്നിത്തലയെ വിളിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.