കടൽപ്പായലിൽ കുഫോസ് ഗവേഷണം, ഇനി 'പ്ലാസ്റ്റിക്കും" കഴിക്കാം,​ സേഫാണ്

Saturday 30 May 2026 12:21 AM IST

കൊച്ചി: വെള്ളം കുടിച്ചശേഷം 'പ്ലാസ്റ്റിക്" കപ്പ് കഴിച്ചാലോ. അല്ലെങ്കിൽ ആഹാരം കഴിക്കുമ്പോൾ പൊതിഞ്ഞുവാങ്ങിയ കവറും കൂടെ കഴിക്കാൻ പറ്റിയാലോ. കടൽപ്പായലിൽ നിന്ന് നിർമ്മിക്കുന്ന,​ ആരോഗ്യത്തിനു ഹാനികരമല്ലാത്ത പ്ലാസ്റ്റിക്കിന് സമാനമായ ബയോഡീഗ്രേഡബിൾ ഫിലിം ആണേൽ കണ്ണും പൂട്ടി കഴിച്ചോളൂ. സംഗതി സേഫാണ്.

കുഫോസിലെ ഫിഷ് പ്രോസസിംഗ് ടെക്‌നോളജി വിഭാഗത്തിനുകീഴിലുള്ള മാക്രോ ആൽഗി ലാബിലെ ഗവേഷകരായ ഡോ. രാധിക രാജശ്രീ, വിദ്യാർത്ഥികളായ രൂപ രാജൻ, നേഹ പി.നായർ എന്നിവർ ചേർന്നാണ് കടൽപ്പായലിൽ നിന്ന് കഴിക്കാനാകുന്ന 'പ്ലാസ്റ്റിക്" വികസിപ്പിച്ചത്. പേറ്റന്റിനു അപേക്ഷ നൽകി. വ്യാവസായികാടിസ്ഥാനത്തിൽ സമീപഭാവിയിൽ ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. പല പ്രമുഖ കമ്പനികളും ഇവരുടെ സഹകരണം തേടിയെത്തിയിട്ടുണ്ട്. കടൽപ്പായൽ കൊണ്ടുള്ള കപ്പുകളും കുപ്പികളും പല രാജ്യങ്ങളിലും നിർമ്മിക്കുന്നുണ്ട്.

പായ്ക്കിംഗിനുപുറമേ ഈർപ്പവും എണ്ണമയവും കവറിനുപുറത്തേക്ക് പടരാതെ സംരക്ഷിക്കുന്ന ഇന്റർലീഫ് മെറ്റീരിയലായും ഈ ഫിലിമിനെ ഉപയോഗിക്കാം. ഉപയോഗശേഷം സ്വാഭാവികമായി വിഘടിക്കുന്നതിനാൽ മണ്ണിനും ജലാശയങ്ങൾക്കും ദോഷകരമല്ല. കടൽപ്പായൽ ചേർന്ന ഐസ്‌ക്രീം, ജെൽ, ജാം, ജ്യൂസ്, പാൽ ഉത്പന്നങ്ങൾ, സൗന്ദര്യ ലേപനങ്ങൾ തുടങ്ങിയവ വൈകാതെ വിപണിയിലെത്തിയേക്കും. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനവഴി രാജ്യത്ത് കടൽപ്പായൽ കൃഷി വ്യാപകമാക്കുകയാണ്.

പായൽ പോഷകസമൃദ്ധം

1.വിറ്റാമിനുകൾ, ധാതുക്കൾ, പ്രകൃതിദത്ത പ്രോട്ടീനുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നം 2.കടൽപ്പായലിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന 'ഫംഗ്ഷണൽ ഫുഡ്‌സും" 'ന്യൂട്രാസ്യൂട്ടിക്കൽസും" രോഗപ്രതിരോധശേഷി കൂട്ടും. 3.പായലുകളെ പ്രധാനമായും ഗ്രീൻആൽഗി, ബ്രൗൺആൽഗി, റെഡ്ആൽഗി എന്നിങ്ങനെ തിരിക്കാം. ഗ്രീനിൽ ക്ലോറെല്ല, സീലെറ്റിയൂസ്, സീ ഗ്രേപ്‌സ് എന്നീ വിഭാഗങ്ങളുണ്ട്. എല്ലാം രുചികരം

ബയോഡീഗ്രേഡബിൾ ഫിലിമുകൾ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം കൂടുതൽകാലം നിലനിറുത്താൻ സഹായകം. വ്യാവസായികമേഖലയിൽ വൻ സാദ്ധ്യത.

ഡോ. രാധിക രാജശ്രീ,

ഡീൻ, ഫാക്കൽറ്റി ഒഫ് ഓഷ്യൻ

സയൻസ് ആൻഡ് ടെക്‌നോളജി, കുഫോസ്, കൊച്ചി