കൊച്ചി: സിനിമാമേഖലയിലെ ലഹരിമരുന്ന് ഉപഭോഗം തടയാൻ കടുത്ത നടപടികൾക്ക് ഇന്നു ചേരുന്ന കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സിന്റെ മോണിറ്ററിംഗ് കമ്മിറ്റി യോഗം ശുപാർശ ചെയ്യും. ഷൂട്ടിംഗ് സ്ഥലങ്ങളിലുൾപ്പെടെ പരിശോധനയ്‌ക്ക് അനുമതി നൽകിയിട്ടും പൊലീസ്, എക്സൈസ് അധികൃതർ വിമുഖത കാണിച്ച സാഹചര്യത്തിലാണിത്. ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ പരാതിയാണ് അജണ്ടയെങ്കിലും സിനിമാമേഖലയിൽ ലഹരി ഉയർത്തുന്ന പ്രശ്‌നങ്ങളും ചർച്ചയാകും.
അറസ്റ്റിലായ സാഹചര്യത്തിൽ ഷൈനിനെതിരെ കർശനനടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് മോണിറ്ററിംഗ് കമ്മിറ്റി. സിനിമയിൽ നിന്ന് മാറ്റിനിറുത്തലും പരിഗണിക്കും.
പൊന്നാനിയിലെ ഷൂട്ടിംഗിനിടെ ഷൈൻ മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തെന്ന വിൻസി അലോഷ്യസിന്റെ പരാതിയാണ് കമ്മിറ്റി ഇന്ന് പരിഗണിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം.
സിനിമ സെറ്റുകളിൽ പൊലീസ്, എക്സൈസ് സാന്നിദ്ധ്യവും റെയ്ഡും വേണമെന്ന് രണ്ടു വർഷം മുമ്പ് നിർമ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് വിതരണം ചെയ്‌തിട്ടുണ്ടെന്ന് അറസ്റ്റിലായ ചിലർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ തുടർനടപടിയോ കാര്യക്ഷമമായ അന്വേഷണമോ നടന്നിട്ടില്ലെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു.
വനിത കമ്മിഷൻ, ഹൈക്കോടതി എന്നിവയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ചതാണ് പരാതികൾ കേൾക്കേണ്ട മോണിറ്ററിംഗ് കമ്മിറ്റി. ചേംബർ ഭാരവാഹികൾക്കു പുറമെ അമ്മ, ഫെഫ്‌ക, വ്യവസായ സംഘടനകൾ എന്നിവയുടെ പ്രതിനിധികളായ 21 പേരാണ് കമ്മിറ്റിയിലുള്ളത്.
പഴി എനിക്ക് !
ലഹരി ഉപഭോഗം അഭിനേതാക്കളിൽ ഒതുങ്ങുന്നതല്ല, സാങ്കേതികപ്രവർത്തകർ, അനുബന്ധ ജീവനക്കാർ തുടങ്ങിയവരിലേക്കും നീളുന്നതാണിത്. സിനിമാപ്രവർത്തകരിൽ ചിലർ മയക്കുമരുന്ന് വിതരണശൃംഖലയിൽ കണ്ണികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം,
സെറ്റുകളിൽ ലഹരി ഉപഭോഗം വ്യാപകമാണെന്നും താനും മറ്റൊരാളും മാത്രമാണ് പഴികേൾക്കുന്നതെന്നും ഷൈൻ ടോം പൊലീസിന് നൽകിയ മൊഴിയിലുണ്ട്.
ചോദ്യം ചെയ്യൽ മാറ്റി
ലഹരിക്കേസിൽ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാൻ ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇന്ന് എത്തേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എ.സി.പിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. അതേസമയം, തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കാൻ ഷൈൻ കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |