കൊച്ചി: രാസലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ ചോദ്യം ചെയ്യൽ വൈകിയേക്കും. പൊലീസ് ഷൈനിന്റെ ഫോണിലെ വിവരങ്ങളെല്ലാം ശേഖരിച്ചു. ലഹരിപരിശോധനാ ഫലം കൂടി വന്നശേഷം മാത്രമാകും ഇനി നടപടിയെടുക്കുക. ധൃതി പിടിച്ചുള്ള നടപടികൾ കോടതിയിൽ തിരിച്ചടിയാകും എന്ന കണക്കുകൂട്ടലിലാണ് പൊലീസ് മുന്നോട്ടുപോകുന്നത്.
ആദ്യത്തെ ചോദ്യം ചെയ്യലിൽ നൽകിയ മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രമേ ഇനി നടനെ ചോദ്യംചെയ്യലിന് വിളിപ്പിക്കേണ്ടതുള്ളൂ എന്നാണ് അന്വേഷണ സംഘം കഴിഞ്ഞദിവസം വിലയിരുത്തിയത്. ഷൈൻ ടോമിന്റെ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കണം. കേസിൽ കുറച്ചു കൂടി കരുതലോടെ മുന്നോട്ടു പോകണം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തിരക്കു പിടിച്ച് രണ്ടാംഘട്ട ചോദ്യം ചെയ്യലിലേക്ക് കടക്കേണ്ടതില്ല എന്ന് പൊലീസ് തീരുമാനിച്ചത്. അവധിയിലുള്ള സിറ്റി പൊലീസ് കമ്മിഷണർ ഇന്നെത്തി വിഷയത്തിൽ യോഗം ചേർന്ന് ഇതുവരെ നടന്ന കാര്യങ്ങൾ വിലയിരുത്തും. ഷൈനിനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ ഇതിനുശേഷമായിരിക്കും തീരുമാനമെടുക്കുക.
ഇതിനിടെ ഇന്ന് കൊച്ചിയിൽ സൂത്രവാക്യം ചിത്രത്തിന്റെ ഇന്റേണൽ കമ്മിറ്റി യോഗവും പിന്നാലെ ഫിലിം ചേമ്പർ യോഗവും ചേരുന്നുണ്ട്. സിനിമയിലെ നാല് ഇന്റേണൽ കമ്മിറ്റിയംഗങ്ങളാണ് യോഗം ചേരുന്നത്. വിൻസിയുടെ അനുഭവത്തിൽ കമ്മിറ്റിയെടുക്കുന്ന തീരുമാനത്തിൽ സിനിമ സംഘടനകൾ തുടർനടപടികൾക്ക് ബാദ്ധ്യസ്ഥരാണ്. ഐസി തീരുമാനം ചേംബർ യോഗത്തിൽ ചർച്ച ചെയ്‌ത ശേഷം അമ്മ, മാക്‌ട സംഘടനകളെ അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |