കൊച്ചി: 'സൂത്രവാക്യം' സിനിമയുടെ ലൊക്കേഷനിൽ ഷൈൻ ടോം ചാക്കോ നടി വിൻസി അലോഷ്യസിനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ (ഐ.സി.സി) റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെടുക്കാൻ കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സിന്റെ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇരുവരുടെയും മൊഴികൾ ഐ.സി.സി ഇന്നലെ രേഖപ്പെടുത്തി. ഐ.സി.സി യോഗത്തിൽ ഇരുവരും നേരിട്ട് ഹാജരായി.
ലൊക്കേഷനുകളിലെ മയക്കുമരുന്ന് ഉപഭോഗം, നടിമാരോട് മോശം പെരുമാറ്റം തുടങ്ങിയ പരാതികളിൽ കർശനനടപടി സ്വീകരിക്കണമെന്ന് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ നിർദ്ദേശമുയർന്നു. മോശമായി പെരുമാറുകയോ ഷൂട്ടിംഗിന് തടസം വരുത്തുകയോ മന:പൂർവം വൈകിപ്പിക്കുകയോ ചെയ്യുന്നവരെ മാറ്റിനിറുത്തണമെന്നും സംഘടനാ പ്രതിനിധികൾ നിർദ്ദേശിച്ചു.
പരാതികൾ നൽകുന്നതിന്റെ നടപടിക്രമങ്ങൾ ഉൾപ്പെടെ വിശദീകരിച്ച് ലഘുലേഖ തയ്യാറാക്കി താരങ്ങൾ, സാങ്കേതിക പ്രവർത്തകർ, മറ്റു ജീവനക്കാർ, സംഘടനകൾ എന്നിവർക്ക് വിതരണം ചെയ്യാനും തീരുമാനിച്ചു. മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ജി.സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ഫെഫ്‌ക പ്രതിനിധികൾ എത്തിയില്ല.
'ഷൈനിനെതിരെ നിയമ നടപടിക്കില്ല'
പത്തനംതിട്ട: ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ സിനിമയ്ക്ക് പുറത്ത് നിയമ നടപടിക്കില്ലെന്ന് നടി വിൻസി അലോഷ്യസ്. സിനിമയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കണമെന്നാണ് നിലപാട്. അന്വേഷണത്തോട് സഹകരിക്കുമെന്ന് മാത്രമാണ് മന്ത്രിയോട് പറഞ്ഞത്. ഫിലിം ചേംബറിനും സിനിമയുടെ ഇന്റേണൽ കംപ്ലയിന്റ് അതോറിറ്റിക്കും നൽകിയ പരാതി പിൻവലിക്കില്ല. തന്റെ പരാതി ചോർന്നത് സജി നന്ത്യാട്ട് വഴി ആണെന്ന് സംശയിച്ച് കുറ്റപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നു. മാലാ പാർവതി പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി.
ശക്തമായ തെളിവില്ല: കമ്മിഷണർ
കൊച്ചി: മയക്കുമരുന്ന് കേസിൽ ഷൈൻ ടോം ചാക്കോയ്‌ക്ക് എതിരെ ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. ഷൈൻ മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് വ്യക്തമായിട്ടുണ്ട്. അന്വേഷണവുമായി ഷൈൻ സഹകരിക്കുന്നുണ്ട്. സിനിമാ മേഖലയിലെ മറ്റുള്ളവർ ലഹരി ഉപയോഗിക്കുന്നുവെന്ന തരത്തിൽ ഷൈൻ മൊഴി നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |