ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതിയും സിനിമയിലെ എക്സ്ട്രാ നടിയുമായ ക്രിസ്റ്റീനയെന്ന തസ്ളീമ സുൽത്താനുമായുള്ളത് 'റിയൽമീറ്റ് ' (പണംവാങ്ങിയുള്ള ലൈംഗിക ഇടപാട് ) ബന്ധമാണെന്ന് യുവമോഡൽ സൗമ്യയുടെ മൊഴി. നടൻമാരായ ഷൈൻടോം ചോക്കോയുമായും ശ്രീനാഥ് ഭാസിയുമായും സുഹൃത് ബന്ധമാണുള്ളതെന്നും ലഹരി ഇടപാടില്ലെന്നും സൗമ്യ പറഞ്ഞു. തസ്ളിമയുമായി നടത്തിയ പണമിടപാട് വിവരങ്ങളുടെയും വാട്ട്സാപ് ചാറ്റുകളുടെയും അടിസ്ഥാനത്തിൽ അസി.എക്സൈസ് കമ്മിഷണർ അശോക് കുമാറിന്റെ പത്ത് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിലാണ് വെളിപ്പെടുത്തൽ.
ഏപ്രിൽ ഒന്നിന് ആലപ്പുഴയിൽ വച്ച് രണ്ട് കോടി രൂപ വിലവരുന്ന മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ പിടിയിലായ കേസിലാണ് ഷൈൻടോം, ശ്രീനാഥ് ഭാസി, സൗമ്യ എന്നിവരെ ചോദ്യം ചെയ്യലിനായി ഇന്നലെ ആലപ്പുഴ എക്സൈസ് ഡിവിഷൻ ഓഫീസിൽ വിളിച്ചുവരുത്തിയത്. രാവിലെ 8.45ന് ആരംഭിച്ച സൗമ്യയുടെ ചോദ്യം ചെയ്യൽ വൈകിട്ട് 7മണിയോടെയാണ് അവസാനിച്ചത്.
തസ്ളിമയുമായി ആറുമാസത്തെ പരിചയമേയുള്ളുവെന്ന് എക്സൈസ് ഓഫീസിലേക്ക് കടക്കുമ്പോൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയ സൗമ്യ , കോൾ വിശദാംശങ്ങളുൾപ്പെടെ ഉദ്യോഗസ്ഥർ കാട്ടിയപ്പോൾ അഞ്ചുവർഷത്തിലേറെയായി പരിചയമുണ്ടെന്ന് സമ്മതിച്ചു. 'റിയൽ മീറ്റെ'ന്നറിയപ്പെടുന്ന സൗഹൃദ സംഗമങ്ങളുടെ പേരിൽ തസ്ളിമയുടെ അക്കൗണ്ടിൽ നിന്ന് 20000 - 25000 രൂപ നിരക്കിൽ പലതവണ പണം തന്റെ അക്കൗണ്ടിലേക്ക് വന്നതായും സൗമ്യ പറഞ്ഞു. ഇത് റിയൽ മീറ്റിന്റെ കമ്മിഷൻ ഇടപാടാണെന്നാണ് വെളിപ്പെടുത്തിയത്.
കഞ്ചാവ് വേണ്ട : ഷൈൻ
താൻ തസ്ളിമയിൽ നിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിച്ചിട്ടില്ലെന്നും മെത്താഫിറ്റാമിനാണ് സ്ഥിരമായി ഉപയോഗിച്ചിരുന്നതെന്നും ഷൈൻ വെളിപ്പെടുത്തി.സൗമ്യയുടെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഷൈനിന്റെ ചോദ്യം ചെയ്യൽ. പിന്നാലെ ശ്രീനാഥിനെയും എക്സൈസ് ചോദ്യം ചെയ്തു. തസ്ളിമയുമായി കുഷ്, ഗ്രീൻ എന്നീ പേരുകളിൽ ചാറ്റ് നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ശ്രീനാഥിനെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യൽ വൈകി, പ്രകോപിതനായി ഷൈൻ
രാവിലെ 7.40ഓടെ ഷൈനും സഹോദരനും അഭിഭാഷകനും ബന്ധുവിനുമൊപ്പമാണ് എക്സൈസ് ഡിവിഷൻ ഓഫീസിലെത്തിയത്. മുകളിലത്തെ നിലയിലേക്കാണ് പോയത്.
ബംഗളുരുവിലെ ലഹരിമോചന ചികിത്സാ കേന്ദ്രത്തിൽ നിന്ന് വരികയാണെന്നും വേഗത്തിൽ വിട്ടയക്കകണമെന്നും അഭ്യർത്ഥിച്ചെങ്കിലും സൗമ്യയെയാണ് ആദ്യം ചോദ്യം ചെയ്തത്. എക്സൈസ് എത്തിച്ചുനൽകിയ ഊണിന് ശേഷവും സൗമ്യയുടെ ചോദ്യം ചെയ്യൽ നീണ്ടതോടെ പ്രകോപിതനായി മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി.
അടുത്ത മുറിയിലെ ബഞ്ചിൽ ഊണ് കഴിഞ്ഞുറങ്ങുന്ന ശ്രീനാഥ് ഭാസിയെയും തൊട്ടടുത്തായി ശ്രീനാഥിന്റെ പിതാവിനെയും അഭിഭാഷകനെയും കണ്ടതോടെ ഷൈനിന്റെ നിലവിട്ടു. 'തന്നെ ഇവിടെക്കൊണ്ട് തള്ളിയിട്ട് എല്ലാവരും പോയോയെന്ന് 'ചോദിച്ച് താഴത്തെ നിലയിലെ സ്റ്റെയർകേയ്സിലേക്ക് ചാടിയിറങ്ങി. ക്യാമറകൾ കണ്ടതോടെ വീണ്ടും മുകളിലേക്ക് കയറി. എക്സൈസ് ഉദ്യോഗസ്ഥർ സഹോദരനെ വിളിച്ചുവരുത്തിയതോടെയാണ് ശാന്തനായത്. മാതാപിതാക്കൾ ലഹരി വിമോചന ചികിത്സാരേഖകളുമായി ആലപ്പുഴയിലെത്തി. കൂത്താട്ടുകുളത്തെ ചികിത്സാരേഖകളായിരുന്നു അച്ഛനമ്മമാർ ഹാജരാക്കിയത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |