രാഷ്ട്രീയത്തെ ജീവിതവും ജീവിതത്തെ രാഷ്ട്രീയവുമാക്കിയ അസാധാരണ വ്യക്തിത്വമായിരുന്നു വി. എസിന്റേത്. ജനമനസുകളിൽ അദ്ദേഹം നിറഞ്ഞുനിന്നത് രാഷ്ട്രീയ സംശുദ്ധിയുടെ പിതാമഹനായതു കൊണ്ടാണ്. തിരുത്തൽ വേണ്ടാത്ത വിധം ഉറച്ച നിലപാടുകൾ കൊണ്ടാണ് രാഷ്ട്രത്തെയും ജനങ്ങളെയും സേവിച്ചത്. ആത്മാർത്ഥതയായിരുന്നു മൂലധനം. കേരളത്തെ വിപ്ലവ സൂര്യന്റെ നാടാക്കി, സമൂഹത്തിന് കമ്മ്യൂണിസത്തിന്റെ പ്രകാശമേകിയ രാഷ്ട്രമീമാംസകനും രാഷ്ട്രീയ ഗുരുവുമാണ് വി.എസ്. .
പിന്തള്ളപ്പെട്ടവരുടെ ആശയും ആശ്രയവുമായിരുന്നു അദ്ദേഹം. ഭേദാതീതമായി ജനങ്ങളുടെ നോവറിഞ്ഞു പെരുമാറിയ ഒരു രാഷ്ട്രീയ നേതാവ് വി.എസിനോളം മറ്റാരുമില്ല. കമ്മ്യൂണിസം അദ്ദേഹത്തിന് ഉയിർത്തെഴുന്നേല്പിന്റെ പ്രത്യയശാസ്ത്രമായിരുന്നു. രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും മീതെ ഗുരുദർശനത്തെ തനിമയോടെ എങ്ങനെ ഉൾക്കൊള്ളാമെന്നും, ഉൾക്കൊണ്ടതിനെ സ്വന്തം ആശയസംഹിതയോട് ഇണക്കിച്ചേർത്ത് സമൂഹത്തിന്റെ ഒരുമയ്ക്കും പുരോഗതിക്കുമായി എങ്ങനെ വിനിമയം ചെയ്യാമെന്നും അദ്ദേഹം കാണിച്ചുതന്നു.
എക്കാലവും ഗുരുദർശനത്തെ മറയില്ലാതെ മുറുകെപ്പിടിച്ച വി.എസ് ശിവഗിരി മഠത്തോടും ശ്രീനാരായണ പ്രസ്ഥാനങ്ങളോടും വലിയ അടുപ്പവും ആദരവും പുലർത്തിയ രാഷ്ട്രീയ മഹാശയനാണ്. ദീർഘകാലം ശിവഗിരി തീർത്ഥാടനവേദിയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു . അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗങ്ങൾ സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വിഷയീഭവിക്കുമായിരുന്നു. ഇളക്കമില്ലാത്ത വാക്കുകളായിരുന്നു അത്.
ശിവഗിരി മഠത്തിൽ എത്തുമ്പോഴെല്ലാം മഹാസമാധിയിലെത്തി ഗുരുവിനെ പ്രണമിക്കാതെ അദ്ദേഹം മടങ്ങുമായിരുന്നില്ല. വാക്കും വിചാരവും പ്രവൃത്തിയും മറ്റാർക്കും ആവാത്ത വിധം രാഷ്ട്രീയത്തിൽ ഒന്നിപ്പിച്ച് പരോപകാരപരതയ്ക്ക് പുതിയ മാതൃകയും പാഠവുമായിത്തീർന്ന വി.എസിന്റെ അനശ്വരതയ്ക്കു മുന്നിൽ ശിവഗിരി മഠത്തിന്റെ പീതപുഷ്പങ്ങളർപ്പിക്കുന്നു; പ്രാർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |