ഓമശേരിയിൽ അനധികൃത പാചകവാതക ഫില്ലിംഗ് കേന്ദ്രം; 91 സിലിണ്ടറുകൾ കസ്റ്റഡിയിൽ

Thursday 14 May 2026 9:59 PM IST

കോഴിക്കോട്: ഓമശേരിയിൽ വൻതോതിൽ പാചകവാതകം മാറ്റി നിറച്ചിരുന്ന അനധികൃത കേന്ദ്രം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് ചെയ്ത് പിടികൂടി. തെച്ച്യാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിൽ നിന്നും മൊത്തം 91 സിലിണ്ടറുകളും ഗ്യാസ് മാറ്റാൻ ഉപയോഗിക്കുന്ന അഞ്ച് മോട്ടോറുകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വലിയ ക്രമക്കേടുകളാണ് പുറത്തുവന്നത്. 29 ഗാർഹിക സിലിണ്ടറുകൾ,​ 31 വാണിജ്യ സിലിണ്ടറുകൾ, രണ്ട് ചെറിയ സിലിണ്ടറുകൾ എന്നിവയാണ് പിടിച്ചെടുത്തതിൽ പ്രധാനമായും ഉൾപ്പെടുന്നത്. സമീപത്തെ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 29 സിലിണ്ടറുകളും കണ്ടെത്തി.

ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളിൽ നിന്നും സബ്സിഡിയില്ലാത്ത വാണിജ്യ സിലിണ്ടറുകളിലേക്ക് മോട്ടോറുകൾ ഉപയോഗിച്ച് നിയമവിരുദ്ധമായി ഗ്യാസ് നിറയ്ക്കുകയായിരുന്നു ഇവിടെ ചെയ്തിരുന്നത്. അനധികൃതമായി പാചകവാതകം സൂക്ഷിച്ചതിനും നിയമവിരുദ്ധമായി ഗ്യാസ് ഫില്ലിംഗ് നടത്തിയതിനും ഉടമസ്ഥർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ മറ്റ് ഭാഗങ്ങളിലും സമാനമായ പരിശോധനകൾ തുടരുമെന്ന് സപ്ലൈ ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി.