തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തെ രാഷ്ട്രീയവത്‌കരിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി സംസ്ഥാനാദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിശ്വാസികളെ അവഹേളിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. 'തത്വമസി' ദർശനത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട്, വിശ്വാസികൾ അയ്യപ്പസംഗമത്തെ പിന്തുണയ്ക്കുമ്പോൾ, വിമർശനങ്ങൾ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളവയാണ്.
രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനകൾ കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക പശ്ചാത്തലങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞത തുറന്നുകാട്ടുന്നു. ആത്മീയതയും ഭക്തിയും രാഷ്ട്രീയ പാർട്ടിയുടെയോ വ്യക്തിയുടെയോ കുത്തകയല്ല, പൊതുസ്വത്താണ്.
മുഖ്യമന്ത്രിക്ക് കേരളത്തെക്കുറിച്ചോ സാധാരണക്കാരായ ജനങ്ങളെക്കുറിച്ചോ ഒന്നുമറിയില്ലെന്ന പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന രാജീവ് ചന്ദ്രശേഖർ, കഴിഞ്ഞ ഒമ്പതരവർഷത്തിനിടെ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെ മനഃപൂർവം അവഗണിക്കുകയാണ്.
ദേവസ്വം ബോർഡ് നടത്തുന്ന പരിപാടിക്ക് സർക്കാർ നൽകുന്ന പൂർണ പിന്തുണ ഭരണപരമായ കടമയാണ്. ആത്മീയതയെ രാഷ്ട്രീയ താത്‌പര്യങ്ങൾക്കായി ഉപയോഗിക്കാതെ, വിശ്വാസികളുടെ ഐക്യത്തെ ഉയർത്തിപ്പിടിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. അയ്യപ്പസംഗമത്തെ സുവർണാവസരമായി കരുതുന്ന രാജീവ് ചന്ദ്രശേഖറിന്റേത് മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നമാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |