
തിരുവനന്തപുരം: 2036-ലെ ഒളിമ്പിക്സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രസ്താവിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് സിറ്റിയെ ഒളിമ്പിക്സ് വേദിയാക്കാന്‍ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം തന്നെ 'ലെറ്റര്‍ ഓഫ് ഇന്റന്റ്' കൈമാറിക്കഴിഞ്ഞു. ഈ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് വോട്ട് തട്ടാനാണ് രാജീവ് ചന്ദ്രശേഖരനും ബി.ജെ.പിയും ശ്രമിക്കുന്നത്.
2036-ലെ ഒളിമ്പിക്സിന് മുന്നോടിയായി, ഇന്ത്യയുടെ കായിക സൗകര്യങ്ങള്‍ തെളിയിക്കുന്നതിനായി 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഹമ്മദാബാദില്‍ നടത്താനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. അഹമ്മദാബാദിലെ സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇന്ത്യ ഒളിമ്പിക്സ് അവകാശവാദം ഉന്നയിക്കുന്നത്. സ്വന്തം സര്‍ക്കാര്‍ ഗുജറാത്തിനെ വേദിയായി നിശ്ചയിച്ച് അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ്, ഇതൊന്നുമറിയാത്ത പോലെ കേരളത്തില്‍ വന്ന് ഒളിമ്പിക്സ് വേദി തിരുവനന്തപുരത്ത് കൊണ്ടുവരുമെന്ന് ബി.ജെ.പി തട്ടിപ്പ് പറയുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ഐ.ഒ.സിക്ക് നല്‍കിയ രേഖകളില്‍ ഒരിടത്തുപോലും തിരുവനന്തപുരത്തിന്റെ പേരില്ല. അഹമ്മദാബാദ് ഫ്രണ്ട് റണ്ണറായി നില്‍ക്കുമ്പോള്‍, തിരുവനന്തപുരത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിദ്യയാണ് ബി.ജെ.പിയുടെ പ്രകടന പത്രിക. ജനങ്ങളെ വിഡ്ഢികളാക്കാമെന്ന അഹങ്കാരം കൊണ്ടാണോ ഇത്തരം പ്രായോഗികമല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്ന് അവര്‍ വ്യക്തമാക്കണം.
കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് തങ്ങളുടെ സര്‍ക്കാര്‍ എവിടെയാണ് ഒളിമ്പിക്സ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് പോലും അറിയില്ലെന്നത് വിചിത്രമാണ്. ഗുജറാത്തിന് നല്‍കിക്കഴിഞ്ഞ വേദിയില്‍ തിരുവനന്തപുരവുമുണ്ട് എന്ന് പറയുന്നത് ജനങ്ങളുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യലാണ്. ഇത്തരം വ്യാജ വാഗ്ദാനങ്ങള്‍ തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |