
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് നീതി ലഭ്യമായെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടൂർ പ്രകാശിന്റെ അഭിപ്രായമല്ല ഇടതുപക്ഷത്തിന്റേതെന്നാണ് ശിവൻകുട്ടി പറഞ്ഞത്. അടൂർ പ്രകാശിന്റെ അഭിപ്രായം അവരുടെ പാർട്ടിയുടെ അഭിപ്രായം ആയിരിക്കും. പക്ഷേ സർക്കാർ ഈ കേസിൽ മേൽക്കോടതിയെ സമീപിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. അതിജീവിതയ്ക്കൊപ്പമാണ് അന്നും ഇന്നും എന്നും. അടൂർ പ്രകാശിന്റെ അഭിപ്രായം ശരിയാണോയെന്ന് ജനം തീരുമാനിക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് രേപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ടെന്നും കേസിൽ നടന് നീതി ലഭ്യമായെന്നുമാണ് അടൂർ പ്രകാശ് ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. 'നടി എന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണ് ഞങ്ങൾ. എന്നാൽ, നീതി എല്ലാവർക്കും വേണം. ദിലീപിന് നീതി ലഭ്യമായി. കലാകാരൻ എന്നതിനേക്കാളപ്പുറം നേരിട്ട് ബന്ധമുള്ളയാളാണ്. ദിലീപിന് കോടതി തന്നെയാണ് നീതി നൽകിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. സർക്കാർ അറസ്റ്റ് രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു. വേറെ ഒരു പണിയും ഇല്ലാത്തതിനാൽ സർക്കാർ അപ്പീലിന് പോകും. ആരെയൊക്കെ ഉപദ്രവിക്കാം എന്ന് ചിന്തിക്കുന്ന സർക്കാരാണ്. എന്ത് കേസും കെട്ടിച്ചമച്ചുണ്ടാക്കാൻ തയ്യാറായി നിൽക്കുന്ന സർക്കാരാണ് ഇവിടെ ഉള്ളത്' - എന്നാണ് അടൂർ പ്രകാശ് പറഞ്ഞത്.
അതേസമയം, പ്രീപോൾ സർവേ ഫലം സോഷ്യൽ മീഡിയയിൽ പങ്കുവച്ച മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖയ്‌ക്കെതിരെയും ശിവൻകുട്ടി രംഗത്തെത്തിയിട്ടുണ്ട്. സർവേ പങ്കുവച്ചത് പെരുമാറ്റചട്ട ലംഘനമാണെന്നാണ് ശിവൻകുട്ടി പറഞ്ഞത്. ഉചിതമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎക്ക് മുൻതൂക്കം എന്ന സർവേ ഫലമാണ് ശ്രീലേഖ പങ്കുവച്ചത്. ശാസ്തമംഗലം വാർഡിലെ സ്ഥാനാർത്ഥിയാണ് ശ്രീലേഖ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |