തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വൈസ്ചാൻസലർ നിയമനത്തിന് സർക്കാർ നൽകിയ പാനലുകൾ ഗവർണർ അംഗീകരിക്കില്ല. വി.സി നിയമനം സർക്കാരിന്റെ പാനലിൽ നിന്നാവണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരേ ഗവർണർ അപ്പീൽ നൽകിയിട്ടുണ്ട്. വി.സി നിയമന അധികാരം ഗവർണർക്കാണെന്നും സർക്കാരിന് ഇതിൽ ഒരു റോളുമില്ലെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ അപ്പീൽ.
യു.ജി.സി ചട്ടപ്രകാരവും വി.സി നിയമനം നടത്തേണ്ടത് ചാൻസലറായ ഗവർണറാണ്. അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ രണ്ട് പാനലുകൾ രാജ്ഭവന് കൈമാറിയത്. സാങ്കേതിക സർവകലാശാല മുൻ വി.സി ഡോ.രാജശ്രീ, സയൻസ് ആൻഡ് ടെക്നോളജി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.സുധീർ, കാലിക്കറ്റ് മുൻ വി.സി ഡോ.ജയരാജ് എന്നിവരാണ് ഡിജിറ്റൽ സർവകലാശാലാ പാനലിലുള്ളത്. സാങ്കേതിക സർവകലാശാലാ പാനൽ ഗവർണർക്ക് കിട്ടിയിട്ടില്ല. ഇതിൽ സാങ്കേതിക വാഴ്സിറ്റി മുൻ സിൻഡിക്കേറ്റംഗം വിനോദ് കുമാർ ജേക്കബ്, രജിസ്ട്രാറായിരുന്ന ഡോ.എ.പ്രവീൺ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോ.ഡയറക്ടർ പി.ജയപ്രകാശ് എന്നിവരുണ്ട്. രണ്ടിടത്തും ഗവർണർ നിയമിച്ച വി.സിമാരുടെ ആറുമാസ കാലാവധി ഇന്നലെ കഴിഞ്ഞിരുന്നു. എന്നാൽ ഇനിയൊരു ഉത്തരവുണ്ടാവും വരെയാണ് നിയമനമെന്നും ആറുമാസ കാലാവധി ഗവർണറുടെ ഉത്തരവിന് ബാധകമല്ലെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നു. അപ്പീലിൽ തീരുമാനമാവും വരെ സർക്കാരിന്റെ പാനലുകൾ ഗവർണർ പരിഗണിക്കില്ല. ഹൈക്കോടതി വിധി എതിരായാൽ സുപ്രീംകോടതിയെ സമീപിക്കാനും നിയമോപദേശകന് ഗവർണർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |