തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന് നിയമസഭാ സീറ്റ് നിഷേധിക്കാനുള്ള തീരുമാനത്തിനെതിരെ ആഞ്ഞടിച്ച ജനരോഷത്തിന് മുന്നിൽ സി.പി.എം പൊളിറ്റ് ബ്യൂറോ കീഴടങ്ങിയത് രണ്ടുതവണ. വി.എസ് പ്രതിപക്ഷ നേതാവായിരിക്കെ 2006ലെയും മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ 2011ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ.
കപ്പിനും ചുണ്ടിനുമിടയിൽ വി.എസിന് മുഖ്യമന്ത്രി കസേര നഷ്ടപ്പെട്ടത് പല തവണ. വി.എസ് ജയിച്ച് നിയമസഭയിലെത്തിയ 1991ലും 2001ലും 2011ലും എൽ.ഡി.എഫിന് ഭരണ നഷ്ടം. 1990ൽ നടന്ന സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 70 ശതമാനത്തിലേറെ സീറ്റുകൾ തൂത്തുവാരി. വർദ്ധിച്ച ജന പിന്തുണയും അനുകൂല രാഷ്ട്രീയ സാഹചര്യവും മുന്നിൽക്കണ്ട ഇടതു മുന്നണി, രണ്ടാം നായനാർ സർക്കാരിന്റെ
കാലാവധി തീരാൻ ഒരുവർഷം ശേഷിക്കെ, നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് തയ്യാറായി. 1991മേയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പും. പ്രചാരണത്തിനിടെ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ ബോംബ് സ്ഫോടനത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ രാഷ്ട്രീയ ചിത്രം മാറി. സഹതാപ തരംഗത്തിൽ കേന്ദ്രത്തിൽ കോൺഗ്രസ് മുന്നണിക്കൊപ്പം കേരളത്തിൽ യു.ഡി.എഫും
അധികാരത്തിലേക്ക്.
തുടർന്ന്, 1996ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു. പക്ഷേ, പാർട്ടിയിലെ ചിലരുടെ അട്ടിമറിക്ക് ബലിയാടായ വി.എസിന് മാരാരിക്കുളത്ത് അപ്രതീക്ഷീത തോൽവി. മുഖ്യമന്ത്രിയാവുമെന്ന് കരുതിയിരുന്ന വി.എസിന് പകരം നായനാർ മൂന്നാം തവണയും മുഖ്യമന്ത്രി. 2001ലെ തിരഞ്ഞെടുപ്പിൽ മലമ്പുഴയിലേക്ക് കളം മാറ്റിയ വി.എസ്, വിജയിച്ച് നിയമസഭയിലെത്തിയെങ്കിലും ഭരണം യു.ഡി.എഫിന്.
സംസ്ഥാനത്തെ സി.പി.എമ്മിൽ വിഭാഗീയത കൊടി കുത്തി വാണിരുന്ന കാലത്തായിരുന്നു 2006ലെ നിയമസഭാ തിരഞ്ഞെടുപ്പ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ തിളക്കമാർന്ന പ്രതിച്ഛായ വി.എസിനുണ്ടായിരുന്നു. പക്ഷേ, പി.ബി അംഗങ്ങളായിരുന്ന വി.എസും പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. പി.ബിയുടെ നിലപാടും അനുകൂലം. വി.എസിന് സീറ്റ് നിഷേധിച്ചതിനെതിരായ പ്രതിഷേധ പ്രകടനങ്ങൾ കേരളത്തിലുടനീളം ഇരമ്പി. പാർട്ടി കീഴ് ഘടകങ്ങളിലും പ്രതിഷേധം കനത്തു. തുടർന്ന്, വി.എസിന് മലമ്പുഴയിൽ വീണ്ടും സീറ്റ് നൽകാൻ പി.ബി നിർബന്ധിതമായി. എൽ.ഡി.എഫ് ഭരണത്തിൽ വി.എസ് മുഖ്യമന്ത്രി.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസിന് സീറ്റ് നിഷേധിക്കാനുള്ള തീരുമാനത്തിനെതിരെ വീണ്ടും ജനകീയ പ്രതിഷേധം. 2006ലേതിന്റെ തനിയാവർത്തനത്തിനൊടുവിൽ മലമ്പുഴയിൽ നിന്ന് വി.എസ് നിയമസഭയിലെത്തിയെങ്കിലും കേവലം മൂന്ന് സീറ്റിന്റെ വ്യത്യാസത്തിൽ ഭരണം യു.ഡി.എഫിന്. വി.എസ് സർക്കാരിന്റെ തുടർഭരണ സാദ്ധ്യത പാർട്ടി അട്ടിമറിച്ചതാണെന്ന ആക്ഷേപം ഇപ്പോഴുമുണ്ട് കേരള രാഷ്ട്രീയാന്തരീക്ഷത്തിൽ. 2016ലെ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്ന് തൊണ്ണൂറ്റി രണ്ടാമത്തെ വയസിൽ വീണ്ടും നിയമസഭയിലെത്തിയ വി.എസ് സൃഷ്ടിച്ചത് പുതു ചരിത്രം.
പ്രേരകമായി
കേരള കൗമുദി
വി.എസിന് സീറ്റ് നിഷേധിക്കുന്നതിനെതിരെ 2006ൽ കേരള കൗമുദിയിൽ വന്ന റിപ്പോർട്ടുകളും മുഖ പ്രസംഗങ്ങളും ജന വികാരത്തിന്റെ പ്രതിഫലനമായി. തുടർന്ന് ചേർന്ന പി.ബി യോഗം തീരുമാനം തിരുത്താൻ നിർബന്ധിതമായെങ്കിലും തീരുമാനം പുറത്ത് വിട്ടില്ല. 'വി.എസ് മതി: പി.ബി" എന്ന തലക്കെട്ടിൽ പിറ്റേ ദിവസം കേരള കൗമുദി പ്രസിദ്ധികരിച്ച റിപ്പോർട്ട് വിമർശനത്താനിടയാക്കിയെങ്കിലും പിന്നീട് യാഥാർത്ഥ്യമായി. വി.എസിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഡോ. സുകുമാർ അഴീക്കോട് കേരളകൗമുദിയിൽ എഴുതിയ
ലേഖനവും കുറിക്കു കൊണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |