കടുവ സാന്നിദ്ധ്യം: വയനാട്ടിൽ നാലിടങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു

Sunday 26 January 2025 8:16 PM IST

പ്രതീകാത്മക ചിത്രം

കല്പറ്റ : വയനാട്ടിൽ നരഭോജി കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ നാലിടത്ത് കർഫ്യു പ്രഖ്യാപിച്ചു. നരഭോജി കടുവയുള്ള പ്രദേശങ്ങളിൽ നാളെ രാവിലെ 6 മുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യു പ്രഖ്യാപിച്ചത്. പഞ്ചാരക്കൊല്ലി,​ മേലെ ചിറക്കര,​ പിലാക്കാവ് മൂന്നുറോഡ് ഭാഗം,​ മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം.

കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്ക് ഏർപ്പെടുത്തും. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദ്ദേശം നൽകി. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർത്ഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തും. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.