'അച്ഛന്റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം?'; 'മേനോൻ' വിമർശനത്തിൽ മറുപടിയുമായി മുഖ്യമന്ത്രി

Wednesday 20 May 2026 2:14 PM IST

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട 'മേനോൻ' വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യപ്രതിജ്ഞാ വേളയിൽ പിതാവിന്റെ പേര് പരാമർശിച്ചതിനെ ചൊല്ലിയുള്ള ആരോപണങ്ങളെ തള്ളിയ അദ്ദേഹം തന്റെ മുഴുവൻ പേര് വായിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'എന്റെ അച്ഛന്റെ പേര് പറയുന്നതിൽ എന്താണ് കുഴപ്പം?​ എന്റെ അച്ഛന്റെ പേര് അതാണ്. എനിക്ക് അമ്മയുടെ പേര് കൂടി പറയണമെന്നുണ്ടായിരുന്നു. ഞാൻ എംഎൽഎ ആകുന്നതിന് മുൻപ് തന്നെ മരണപ്പെട്ടുപോയ മാതാപിതാക്കളുടെ പേര് ഔദ്യോഗിക രേഖകളിലുള്ളത് പോലെ മുഴുവനായി വായിക്കുകയാണ് ചെയ്തത്.'- വിഡി സതീശൻ പറഞ്ഞു.

അച്ഛന്റെ പേര് പറഞ്ഞതുപോലെ അമ്മയുടെ പേര് കൂടി പറയാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും അതിന് അവസരം ലഭിക്കാത്തതിലാണ് തനിക്ക് സങ്കടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതാപിതാക്കളുടെ പേര് പറയുന്നതിൽ അഭിമാനമുണ്ടെന്നും സതീശൻ പറഞ്ഞു.

യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടെന്ന ആരോപണങ്ങളെയും മുഖ്യമന്ത്രി പൂർണ്ണമായും തള്ളിക്കളഞ്ഞു. സത്യപ്രതിജ്ഞ നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിഭജനം സംബന്ധിച്ചുള്ള എല്ലാ ചർച്ചകളും യുഡിഎഫിൽ പൂർത്തിയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗവർണർ തൃശൂരിലേക്ക് പോയതിനാൽ സ്ഥലത്തില്ലെന്ന വിവരം വൈകിയാണ് അറിഞ്ഞത്. രാത്രിയോടെ തിരികെയെത്തിയ ഗവർണർക്ക് ഇന്ന് രാവിലെ തന്നെ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക സമർപ്പിച്ചതായും വിഡി സതീശൻ പറഞ്ഞു.