തിരുവനന്തപുരം: അടുത്ത പൊലീസ് മേധാവിയാകാൻ അർഹതയുള്ള യോഗേഷ് ഗുപ്തയോട് ആ പദവി വേണ്ടെന്ന് എഴുതി നൽകാൻ
സർക്കാർ സമ്മർദ്ദം. സാദ്ധ്യമല്ലെന്ന് യോഗേഷ് ഗുപ്ത.
കേന്ദ്രസർവീസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മേധാവിയാവാൻ കേസും അന്വേഷണവുമില്ലെന്ന ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഇങ്ങനെയൊരു ഉപാധിവയ്ക്കുകയായിരുന്നു.
കേന്ദ്രആഭ്യന്തര മന്ത്രാലയം മൂന്നുവട്ടം രേഖാമൂലം ആവശ്യപ്പെട്ടിട്ടും യോഗേഷിനെതിരേ കേസും അന്വേഷണവുമില്ലെന്ന ക്ലിയറൻസ് സർക്കാർ നൽകുന്നില്ലെന്ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് സർക്കാർ ഈ തന്ത്രം പ്രയോഗിച്ചത്.
പൊലീസ് മേധാവിയാവാനുള്ള കേന്ദ്രപട്ടികയിൽ മൂന്നാമനാണ് യോഗേഷ്. അനഭിമതരെ ഒഴിവാക്കാനും ഇഷ്ടക്കാർ അന്തിമ പട്ടികയിൽ ഇടംപിടിക്കാനും കണ്ട കുറുക്കുവഴിയാണിത്.
ആഭ്യന്തരവകുപ്പിലെ ഉന്നതൻ യോഗേഷിനെ നേരിട്ടുവിളിച്ചാണ് സൗഹൃദരൂപേണ ഉപാധി സൂചിപ്പിച്ചത്. യോഗേഷിന്റെ സഹബാച്ചുകാരായ ഉദ്യോഗസ്ഥരെക്കൊണ്ടും വിളിപ്പിച്ചു. തന്റെ നിയമനക്കാര്യം യു.പി.എസ്.സിയും കേന്ദ്രസർക്കാരും പരിഗണിക്കുമെന്നും പട്ടികയിൽനിന്ന് പിന്മാറില്ലെന്നും യോഗേഷ് മറുപടി നൽകി. യോഗേഷ് കോടതിയെ സമീപിച്ചാൽ സമാധാനം പറയേണ്ടിവരുമെന്ന് ബോധ്യമായതോടെ ക്ലിയറൻസ് കേന്ദ്രത്തിലയയ്ക്കാനുള്ള ഫയൽ ഇന്നലെ ചീഫ്സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. മുഖ്യമന്ത്രിയുടെ നിലപാടാണ് ഇനി നിർണായകം.
പൊലീസ് മേധാവിയാവാനുള്ള ചുരുക്കപ്പട്ടികയിലേക്ക് പരിഗണിക്കാൻ നിതിൻഅഗർവാൾ, റവാഡചന്ദ്രശേഖർ, യോഗേഷ്ഗുപ്ത, മനോജ്എബ്രഹാം, സുരേഷ് രാജ്പുരോഹിത്, എം.ആർ.അജിത്കുമാർ എന്നിവരുടെ പട്ടിക യു.പി.എസ്.സിക്കയച്ചിട്ടുണ്ട്. ഇതിൽ നിന്ന് മൂന്നുപേരുടെ ചുരുക്കപ്പട്ടികയാണ് യു.പി.എസ്.സി സർക്കാരിന് കൈമാറുന്നത് . അതിൽനിന്നായിരിക്കണം നിയമനം . നിതിൻ, റവാഡ, യോഗേഷ് എന്നിവരാവും അന്തിമപട്ടികയിൽ.
രാഷ്ട്രീയക്കാരുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വൻഅഴിമതികൾ പിടികൂടിയതിന് പിന്നാലെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് യോഗേഷിനെ മാറ്റിയിരുന്നു. അതോടെയാണ് കേന്ദ്രത്തിലേക്ക് പോവാനൊരുങ്ങിയത്.
റവാഡയോടും ഉപാധി
നിയമനപട്ടികയിൽ രണ്ടാമതുള്ള റവാഡചന്ദ്രശേഖറിനോടും, പൊലീസ് മേധാവിയാവാൻ പരിഗണിക്കേണ്ടെന്ന് എഴുതിനൽകാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹവും തള്ളി. ഐ.ബിയിൽ സ്പെഷ്യൽഡയറക്ടറായ റവാഡയെ സെക്രട്ടറി (സെക്യൂരിറ്റി) പദവിയിൽ കേന്ദ്രം നിയമിച്ചിരുന്നു.
കേന്ദ്രത്തിൽ ഉന്നതപദവിയുള്ളതിനാൽ കേരളത്തിൽ വന്നിട്ട് എന്തുകാര്യമെന്നാണ് അദ്ദേഹത്തോട് ആഭ്യന്തര ഉന്നതൻ ചോദിച്ചത്. റവാഡ പൊട്ടിത്തെറിച്ചതായാണ് വിവരം. മുഖ്യമന്ത്രിയെ കണ്ട് പൊലീസ് മേധാവിയാവാനുള്ള സന്നദ്ധതയറിയിക്കാൻ റവാഡ ബുധനാഴ്ച കേരളത്തിലെത്തുമെന്നാണ് വിവരം.
ഐ.ബിയിൽ 10 വർഷമായുള്ളതിനാൽ റവാഡ കേന്ദ്രത്തിന്റെ ആളാണോയെന്ന് സർക്കാരിന് ആശങ്കയുണ്ട്. 5സി.പി.എമ്മുകാരുടെ മരണത്തിനിടയാക്കിയ കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിട്ടതിന് സസ്പെൻഷനിലായ റവാഡയെ മേധാവിയാക്കിയാലുള്ള വിവാദവും ഭയക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |