തിരുവനന്തപുരം:ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി രണ്ട് ക്ഷണിതാക്കളുൾപ്പെടെ 24പേരെ ഉൾപ്പെടുത്തി പുന:സംഘടിപ്പിച്ചു.സംസ്ഥാന ഭാരവാഹികളേയും മുൻ സംസ്ഥാന പ്രസിഡന്റുമാരേയും ഉൾപ്പെടുത്തി. സംസ്ഥാനത്തിന്റെ പ്രഭാരികളായ പ്രകാശ് ജാവദേക്കർ,അപരാജിത സാരംഗിയേയും പ്രത്യേക ക്ഷണിതാക്കളാക്കി.കോർ
കമ്മിറ്റി അംഗമായിരുന്ന എ.എൻ.രാധാകൃഷ്ണനെ ഒഴിവാക്കി
മുൻ പ്രസിഡന്റുമാരിൽ രോഗബാധയെത്തുടർന്ന് വിശ്രമത്തിലായ കെ.വി.ശ്രീധരൻ മാസ്റ്ററേയും ഗോവ ഗവർണറായിരുന്ന പി.എസ്.ശ്രീധരൻപിള്ളയെയും ഒഴിവാക്കി.സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ സി.കെ. പത്മനാഭൻ, കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ,വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് , നാഷണൽ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി,ദേശീയ വക്താവ് അനിൽ ആന്റണി, രാജ്യസഭാംഗം സി.സദാനന്ദൻ മാസ്റ്റർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ,സുരേഷ് ഗോപി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.സുധീർ,കെ.കെ. അനീഷ് കുമാർ, ഷോൺ ജോർജ്,സി.കൃഷ്ണകുമാർ, ബി .ഗോപാലകൃഷ്ണൻ, കെ. സോമൻ,ഉണ്ണികൃഷ്ണൻ മാസ്റ്റർ .
ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, ശോഭാസുരേന്ദ്രൻ, എസ്.സുരേഷ്,അനൂപ് ആന്റണി എന്നിവരാണ് കോർ കമ്മിറ്റിയിലുള്ളത്.
സംസ്ഥാന സമിതിയും സംസ്ഥാന ഭാരവാഹികൾ മാത്രമുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണ് പാർട്ടി ഭരണഘടനയനുസരിച്ച് തീരുമാനങ്ങളെടുക്കാൻ അധികാരമുള്ള സമിതികൾ.എന്നാൽ അനുഭവ പരിചയമുള്ളവരുടെ കൂട്ടായ്മയെന്ന നിലയ്ക്കാണ് മുൻ പ്രസിഡന്റുമാരെ ഉൾപ്പെടുത്തി നേരത്തേ കോർ കമ്മിറ്റിയുണ്ടാക്കിയത്. അതിൽ പരമാവധി 11 പേരാണുണ്ടായിരുന്നത്.കഴിഞ്ഞ തവണ പരാതി ഉയർന്നതോടെയാണ് ജനറൽ സെക്രട്ടറിമാരായിരുന്ന ശോഭാ സുരേന്ദ്രനേയും എ.എൻ.രാധാകൃഷ്ണനേയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. കോർ കമ്മിറ്റിക്ക് വലിപ്പമേറിയതോടെ പ്രവർത്തന സൗകര്യം കുറഞ്ഞെന്ന ആക്ഷേപം പാർട്ടിക്കുള്ളിലുണ്ട്. പാർട്ടിയുടെ നാല് ജനറൽ സെക്രട്ടറിമാരും സംസ്ഥാന പ്രസിഡന്റുമടങ്ങിയ കമ്മിറ്റിയാണ് ദൈനംദിന പ്രവർത്തനങ്ങൾ നോക്കുക.
തദ്ദേശ വോട്ടർ പട്ടിക: 2.75ലക്ഷം ഇരട്ട വോട്ടുകളെന്ന് ബി.ജെ.പി
തദ്ദേശ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്ക്കെതിരെ ആരോപണവുമായി ബി.ജെ.പി.പട്ടികയിൽ വ്യാപകമായ ക്രമക്കേടുണ്ടെന്നും ഇരട്ട വോട്ടുകൾ മാത്രം 2.75 ലക്ഷത്തിലേറെയുണ്ടെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടത്തിയിരിക്കുന്നത്. .ഇതിന്റെ തെളിവുകൾ നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു
. ഒരേ തിരിച്ചറിയൽ കാർഡിൽ ഒന്നിലധികം പേരെ ചേർത്തും,ഒരേ വ്യക്തിയെ ഒരേ ഐഡി കാർഡ് നമ്പറിൽ പല സ്ഥലങ്ങളിൽ പട്ടികയിൽ ഉൾപ്പെടുത്തിയും ,ഒരേ മേൽവിലാസവും ഒരേ രക്ഷാകർത്താവും ഒരേ പേരുമുള്ളയാളെ വ്യത്യസ്ത തിരിച്ചറിയൽ കാർഡ് നമ്പറിൽ ഉൾപ്പെടുത്തിയുമാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. 276799 ആളുകൾക്കാണ് ഇരട്ട
വോട്ടുള്ളത്. തിരുവനന്തപുരം നഗരസഭയിൽ മാത്രം 7216 പേർക്ക് ഇരട്ട വോട്ടുണ്ട്.
76ാം നമ്പർ വാർഡ് ബീമാപള്ളി അട്ടിമറി ശ്രമങ്ങളുടെ ഉദാഹരണമാണ്. ഫൈനൽ ഡിലിമിറ്റേഷൻ സമയത്ത് ജനസംഖ്യ 9875 ആയിരുന്നു. വോട്ടർ പട്ടികയുടെ കരട് പുറത്ത് വന്നപ്പോൾ അത് പതിനാറായിരത്തിൽ കൂടുതലായി.
ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി ഇടപെടണം. ലക്ഷക്കണക്കിന് ഇരട്ട വോട്ടുകൾ കണ്ടെത്തി ഒഴിവാക്കണം. അട്ടിമറിക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്നും അനൂപ് ആന്റണി അറിയിച്ചു.സംസ്ഥാന സെക്രട്ടറി വി വി രാജേഷും, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |