സതീശനെ മുഖ്യമന്ത്രിയാക്കണം, കണ്ണൂരിലടക്കം കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം

Thursday 07 May 2026 6:46 PM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ യു.ഡി.എഫിൽ മുഖ്യമന്ത്രി ചർച്ചകൾ അവസാന ഘട്ടത്തിലാണ്. കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശ പ്രകാരം എത്തിയ നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും എം.എൽ.എമാരുമായും ഘടകകക്ഷി നേതാക്കളുമായും നടത്തിയ ചർച്ചകൾക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങി. കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയുമാണ് മുഖമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ളത്.

അതിനിടെ വി.ഡി. സതീശനെ അനുകൂലിച്ച് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കോണഗ്രസ് പ്രവർത്തകരുടെ വൻപ്രകടനം നടന്നു. എറണാകുളത്ത് നെട്ടൂരിലായിരുന്നു ആദ്യ പ്രകടനം. പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ജില്ലയായ കണ്ണൂരിലടക്കം സതീശന് അനുകൂലമായി പ്രകടനം നടന്നു. നൂറുകണക്കിന് പ്രവ‌ർത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്. വി.ഡി. സതീശന്റെ കൂറ്റൻ ഫ്ലക്സ് ബോർഡും പോസ്റ്ററുകളും ഏന്തിയായിരുന്നു പ്രവർത്തകരുടെ പ്രകടനം. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മികച്ച പ്രകടനം നടത്തിയ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ അത് ജനങ്ങളോട് ചെയ്യുന്ന ചതിയാണ് എന്നാണ് പ്രവർത്തകർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ജനവികാരം മാനിക്കാൻ ഹൈക്കമാൻഡ് തയ്യാറാകണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂരിലും മുക്കത്തും ഇരിട്ടിയിലും സതീശൻ അനുകൂല പ്രകടനം നടന്നു.

അതേ സമയം എ.ഐ.സി.സി നിരീക്ഷകരുമായുള്ള ചർച്ചയിൽ സതീശന് അനുകൂല നിലപാടാണ് മുസ്ലിംലീഗ് സ്വീകരിച്ചത്. സതീശന്റെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിനാണ് ജനം വോട്ട് ചെയ്തതതെന്നും ഇക്കാര്യം പരിഗണിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ലീഗ് ഇടപെടരുതെന്ന നിലപാടുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ രംഗത്തെത്തി. പിന്നാലെ മാത്യുവിനെ വിമർശിച്ച് ഇരിക്കൂറിൽ യൂത്ത് ലീഗ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.