പികെ ശശിയെ തരംതാഴ്‌ത്തി, കടുത്ത നടപടിയുമായി സിപിഎം

Tuesday 27 June 2023 1:22 PM IST

പാലക്കാട്: മുതിർന്ന നേതാവ് പി.കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി സിപിഎം. ജില്ലയിലെ വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്നാണ് ശശിക്കെതിരെയുള്ള നടപടി. വി.കെ ചന്ദ്രനെയും ജില്ലാ കമ്മിററിയിലേക്ക് തരം താഴ്ത്തി. ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പി.കെ ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി പരാതിയിൽ നടപടി പിന്നീട് സ്വീകരിക്കും.

ശശിക്കെതിരെ അന്വേഷണ കമ്മിഷൻ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനാണ് ശശിക്കെതിരായ പരാതികളിൽ അന്വേഷണം നടത്തിയത്. മണ്ണാർക്കാട്, ചെർപ്പുളശേരി ഏരിയാ കമ്മിറ്റികളിൽ നിന്നാണ് കൂടുതലും പരാതി ഉയർന്നത്. പാർട്ടി അറിയാതെ സി പി എം ഭരണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിന്ന് വൻതുക പല കാര്യങ്ങൾക്കായി പി കെ ശശി വകമാറ്റി, ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിർമാണ ഫണ്ടിൽ കൈകടത്തിയെന്നുമാണ് പരാതി.

പി കെ ശശി, വികെ ചന്ദ്രൻ, സി കെ ചാമുണ്ണി എന്നീ നേതാക്കളുമായി ബന്ധപ്പെട്ട് വിഭാഗതീയത സംബന്ധിച്ച വിമർശനം ഉയരുന്നതിനിടെയാണ് ക്രമക്കേടുകൾ സംബന്ധിച്ച പരാതികളിൽ നടപടി എടുത്തത്. വിഭാഗീയത ചർച്ച ചെയ്യുന്നതിനായി ചേർന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പി കെ ശശിയും വി കെ ചന്ദ്രനുമാണ് വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നതെന്നായിരുന്നു അന്നുയർന്ന വിമർശനം.

കൂടാതെ, കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് നാല് പേരെ ഒഴിവാക്കി. അഞ്ച് പേരെ തിരിച്ചെടുത്തു. മുൻ ഏരിയ സെക്രട്ടറി യു അസീസ് ഉൾപ്പടെയുള്ളവരെയാണ് തിരിച്ചെടുത്തത്. കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ പാനലിൽ ഉണ്ടായിട്ടും വോട്ടെടുപ്പിൽ തോറ്റു പോയവരാണ് ഇവർ. പുതുനഗരം , കൊല്ലങ്കോട് ലോക്കൽ സെക്രട്ടറിമാരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടും. വിഭാഗീയതയെ കുറിച്ചു പഠിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി