ജനത്തെ ഇളക്കിമറിച്ച് ഡി.കെ .ശിവകുമാർ

Tuesday 19 May 2026 2:06 AM IST

തിരുവനന്തപുരം:വി.ഡി.സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ജനങ്ങളുടെ കൈയ്യടി കൂടുതൽ നേടിയത് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. സത്യപ്രതിജ്ഞാ വേദിയിലേക്ക് ശിവകുമാർ എത്തിയപ്പോൾ മിനിട്ടുകൾ നീണ്ട കരഘോഷമാണ് മുഴങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിവിധ ജില്ലകളിലെ യോഗങ്ങളിൽ പ്രസംഗിക്കാൻ അദ്ദേഹവുമുണ്ടായിരുന്നു.

മുഖ്യമന്ത്രി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയപ്പോഴും ജനം ഇളകി മറിഞ്ഞു. പ്രതിജ്ഞയുടെ തുടക്കത്തിൽ പേരു പറഞ്ഞപ്പോൾ നിറുത്താതെയുള്ള കരഘോഷം മുഴങ്ങി. കെ.മുരളീധരനെയും വമ്പൻ കൈയ്യടിയോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. അദ്ദേഹം പ്രതിജ്ഞ ചൊല്ലുന്ന ഇടവേളകളിലും കരഘോഷം മുഴങ്ങി. പിന്നെ വലിയ സ്നേഹം ജനങ്ങൾ കാട്ടിയത് മുസ്ലീം ലീഗിലെ കെ.എം.ഷാജിയോടാണ്. പ്രതിജ്ഞയെടുക്കാൻ അദ്ദേഹത്തെ വിളിച്ചപ്പോൾ സദസിൽ നിന്നും കൈയ്യടി മുഴങ്ങി. നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വേദിയിലെത്തിയപ്പോൾ യു.ഡി.എഫ് പ്രവർത്തകർ കൈയ്യടിച്ച് സ്വീകരിച്ചതും ശ്രദ്ധേയമായി.