വി ഡി സതീശൻ കേരളത്തെ നയിക്കും,​ ഇനി ഉയിർ‍ത്തെഴുന്നേൽ‍പ്പിന്റെ കാലം: സാദിഖലി ശിഹാബ് തങ്ങൾ

Thursday 14 May 2026 1:14 PM IST

മലപ്പുറം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. കേരളത്തിന്റെ ഉയിർ‍ത്തെഴുന്നേൽ‍പ്പിന്റെ കാലമാണ് ഇനി വരാനിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 'നഷ്ടപ്രതാപങ്ങളിലേക്കുള്ള തിരിച്ചുപോക്കാണിത്. ജനങ്ങൾ ആഗ്രഹിച്ച ഭരണത്തിന് നേതൃത്വം നൽകാൻ അവർ ആഗ്രഹിച്ചയാളെ തന്നെ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നു. വി ഡി സതീശൻ കേരളത്തെ നയിക്കും നല്ല നാളെകളിലേക്ക് '- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷംകൊണ്ട് കേവല പരസ്യവാചകമായ 'നമ്പർ വൺ കേരളം' നമുക്ക് സാദ്ധ്യമാക്കണം. ഒറ്റക്കെട്ടായ പ്രവർത്തനം നമുക്ക് കരുത്താകും. വികസന സൂചികകളിലെ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ, ദുർഭരണമുണ്ടാക്കിയ വിള്ളലുകൾ തീർക്കാൻ സദ്ഭരണം വരുന്നു. ജനമിടിപ്പിനൊപ്പം ചേരാൻ, കേരളത്തിന്റെ ഉയിർപ്പ് സാദ്ധ്യമാക്കാൻ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.