പ്രതിപക്ഷ നേതൃസ്ഥാനം: പിണറായി ഒഴിയണമെന്ന്​ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്

Tuesday 19 May 2026 2:50 AM IST

ആലപ്പുഴ: പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയൻ ഒഴിയണമെന്ന്​ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റി​ൽ ആവശ്യമുയർന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും രൂക്ഷവിമർശനമുയർന്നു. തിരഞ്ഞെടുപ്പ് നേരിടാൻ പറ്റിയ സംഘടനാസംവിധാനം ജില്ലയിൽ ഉണ്ടായില്ല. ജി.സുധാകരൻ ഉയർത്തിയ വെല്ലുവിളിയെ പ്രതിരോധിക്കാനായില്ല.

പിണറായിക്കെതിരെ ജനവികാരം ശക്തമായിരുന്നുവെന്നത് മറച്ചുവച്ചിട്ട്​ കാര്യമില്ല. സംസ്ഥാന സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് സംസാരിക്കുന്നത്. ഇത്തരം രീതി തുടർന്നാൽ ഇനിയൊരിക്കലും കേരളത്തിൽ അധികാരത്തിൽ വരില്ല. ജി.സുധാകരനെ നേരത്തേ പുറത്താക്കണമായിരുന്നു.

എം.വി.ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായി​പ്പോയി​. സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിക്കണം. അമ്പലപ്പുഴയിൽ ന്യൂനപക്ഷ ഏകീകരണം ഉണ്ടായതാണ്​ പരാജയകാരണം. ജില്ലസെക്രട്ടറി ആർ.നാസറിനെതിരെയും രൂക്ഷ വിമർശനമുയർന്നു. തിരഞ്ഞെടുപ്പിന് ശേഷം നാസർ നടത്തിയ പരാമർശങ്ങൾ അനുചിതമാണ്. യു.പ്രതിഭയെപ്പറ്റി​ പറഞ്ഞത് പാർട്ടിയെ സംശയനിഴലിലാക്കുന്ന പരാമർശമാണെന്നും വിമർശിച്ചു.

കനത്ത പരാജയം

ഒഴിവാക്കാമായിരുന്നു

ജി. സുധാകരനെ പിണക്കാതെ അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിയാക്കണമായിരുന്നെന്നും അഭി​പ്രായമുയർന്നു. സുധാകരനെ സ്ഥാനാർത്ഥിയാക്കിയി​രുന്നെങ്കി​ൽ ജില്ലയിലെ കനത്ത പരാജയം ഒഴിവാക്കാമായിരുന്നു. അമ്പലപ്പുഴയിൽ സുധാകരനും കായംകുളത്ത് സി.എസ്.സുജാതയും ആലപ്പുഴയിൽ ആർ.നാസറും അരൂരിൽ തോമസ് ഐസക്കും മത്സരിക്കണമായിരുന്നു. സുധാകരന്റെ തണലിൽ വഴിവിട്ട് വളർന്ന നേതാക്കൾതന്നെ അദ്ദേഹം പാർട്ടി വിട്ട് പോകുന്നതി​നും കാരണക്കാരായി​. രണ്ടുവർഷം മുമ്പേ സുധാകരൻ പാർട്ടിയെ ആക്രമിച്ചു തുടങ്ങിയി​രുന്നെങ്കി​ലും വേണ്ട സമയത്ത് നേതൃത്വം മറുപടി നൽകിയില്ലെന്നും ആരോപണമുണ്ടായി​.