ഇത് സിപിഎമ്മിന്റെ അവസാനമല്ല, തിരിച്ചുവരും; ജനവിധി അംഗീകരിക്കുന്നു, പ്രതികരിച്ച് പിണറായി
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ ഒടുവില്‍ പ്രതികരിച്ച് പിണറായി വിജയന്. ജനവിധി അംഗീകരിക്കുന്നുവെന്നും കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമായി കാണേണ്ടതില്ലെന്നും പരാജയം വല്ലാണ്ട് അങ്ങ് ആഘോഷമാക്കേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് കൂടിയായ പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മുന്‍ മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്. തോല്‍വിയില്‍ പിണറായി മൗനം തുടരുന്നത് വലിയ ചര്‍ച്ചയായിരുന്നു.
'ഞങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാനിടയായി. ഒരു ഭരണമാറ്റം വേണമെന്നാണ് ജനങ്ങള്‍ വിധിയെഴുതിയത്. ആ ജനവിധി ഞങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നു. ആ ജനവിധി അംഗീകരിച്ചുകൊണ്ടുതന്നെ ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. എന്തൊക്കെയാണോ ഞങ്ങള്‍ നടപ്പാക്കിയ കാര്യങ്ങള്‍, അതില്‍ ഞങ്ങള്‍ക്കൊരു ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാടിനെ പുരോഗതിയിലേക്ക് നയിക്കുക.' - പിണറായി പറഞ്ഞു.
'മാതൃകാപരമായ രീതിയില്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് കേരളത്തിന് ഉയര്‍ന്നുവരാന്‍ കഴിഞ്ഞു എന്നുതന്നെയാണ് ഞങ്ങള്‍ കാണുന്നത്. ഇതിന് തുടര്‍ച്ചവേണം. ആ തുടര്‍ച്ച ഞങ്ങള്‍ക്ക് മാത്രമേ നടത്താനാവൂ എന്ന് പറയുന്നില്ല. ആ നിര്‍ബന്ധവും ഞങ്ങള്‍ക്കില്ല. ജനവിധി വന്നിരിക്കുന്നു. ആ വിധിയുടെ ഭാഗമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് യുഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാര്‍ നാടിന്റെ അഭിവൃദ്ധിക്ക്, ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്നവയെല്ലാം നടപ്പാക്കണം എന്നതാണ് ഞങ്ങളുടെ നിലപാട്. അത് നടപ്പാക്കുമ്പോള്‍ ക്രിയാത്മകമായ പിന്തുണയും നല്‍കും.'
'അതില്‍നിന്ന് വ്യത്യസ്തമായി ഏതെങ്കിലും തരത്തില്‍ നാടിന്റെ താത്പര്യത്തിനോ ജനങ്ങളുടെ ക്ഷേമത്തിനോ വിരുദ്ധമായ നടപടികളുണ്ടായാല്‍ അവയെല്ലാം അതിശക്തമായി എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കും. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. - പിണറായി പറഞ്ഞു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തവാദികള്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും ആണെന്ന രീതിയില്‍ പാര്‍ട്ടി കമ്മിറ്റികളില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിലും വിവിധ ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.