സുരേഷ് ഗോപിയുടെ ഇടപെടൽ ഫലംകണ്ടു; മലയാളികൾക്കായി സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

Sunday 11 May 2025 1:06 PM IST

ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ എത്തുന്നതിന് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതുസംബന്ധിച്ച് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയതായി അദ്ദേഹം അറിയിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജമ്മു, ശ്രീനഗർ, ബാരാമുള്ള, പഞ്ചാബ്, ജലന്ധർ, ചണ്ഡിഗഡിൽ നിന്നും മറ്റും ഡൽഹിയിൽ എത്തി കുടുങ്ങി കിടക്കുന്ന വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികൾ കേരളത്തിൽ എത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ എന്റെ ഓഫീസുമായി ബന്ധപ്പെട്ടു. സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നാവശ്യപെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഞാന്‍ കത്ത് നൽകിയിരുന്നു. അതിനു പരിഹാരമായി ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ എത്താൻ വേണ്ടി സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കി റെയിൽവേ മന്ത്രാലയം.

ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ കഴിഞ്ഞദിവസം ഡൽഹി കേരള ഹൗസിലെത്തിയിരുന്നു. എഴുപത്തഞ്ചോളം വിദ്യാർത്ഥികളാണ് കേരള ഹൗസിലെത്തിയത്. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര, സംസ്ഥാന യൂണിവേഴ്‌സിറ്റികളിലെ വിദ്യാർത്ഥികളാണിവർ. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ മലയാളികൾക്കും വിദ്യാർത്ഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ഡൽഹിയിലെ കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിരുന്നു.