കൊച്ചി: വിജയ്‌യുടെയും സൂര്യയുടെയും അടിപൊളി ഡയലോഗ്. നായികമാരുടെ സല്ലാപം... ഇതൊക്കെ മലയാളത്തിൽ ആസ്വദിക്കുമ്പോൾ ഓർക്കുക,ശബ്ദത്തിനു പിന്നിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ദമ്പതിമാരായ ഷിബു കല്ലാറും ജോളി ഷിബുവുമാണ്.ഹിന്ദി സിനിമകളും ഡബ്ബ് ചെയ്യുന്ന ഇരുവർക്കും പത്തിലേറെ ഭാഷകളറിയാം.
ചെന്നൈ വടപളനിയിൽ സ്ഥിരതാമസമാക്കിയ ദമ്പതികൾക്ക് കൊച്ചിയാണ് മറ്റൊരു പ്രധാന തൊഴിൽ തട്ടകം.
'ഓർക്കുക വല്ലപ്പോഴും" എന്ന കുട്ടികളുടെ ചിത്രത്തിന് ശബ്ദം നൽകിയാണ് 51കാരി ജോളി 1979ൽ ഡബ്ബിംഗിലേക്കെത്തിയത്. 1986ൽ 'ഇത്രമാത്രം" എന്ന സിനിമയിൽ കലാരഞ്ജിനിയിലൂടെ നായികമാർക്ക് ശബ്ദം നൽകിത്തുടങ്ങി. പിന്നെ,തിരക്കുകളുടെ വർഷങ്ങൾ. സല്ലാപം,മഴവില്ല്,സമ്മർ ഇൻ ബത്‌ലഹേം,ദേവദൂതൻ,സിന്ദൂരച്ചെപ്പ്,നൊമ്പരത്തിപ്പൂവ്,കാണാമറയത്ത്,മിസ്റ്റർ ബട്‌ലർ,വീണ്ടും ചില വീട്ടുകാര്യങ്ങൾ തുടങ്ങി ഒട്ടേറെ സിനിമകൾ. ഉർവശി,രേവതി,രോഹിണി,സുകന്യ,സുഹാസിനി,ഗീത,ഭാനുപ്രിയ,മാധവി തുടങ്ങി പ്രധാന നായികമാർക്കെല്ലാം ജോളി ശബ്ദം നൽകി.
സംഗീത സംവിധായകൻ ഇടുക്കി കല്ലാർ സ്വദേശി ഷിബുവുമായുള്ള വിവാഹശേഷം 2004മുതൽ ഇരുവരുമൊന്നിച്ചായി ഡബ്ബിംഗ്. പിന്നാലെയാണ് മൊഴിമാറ്റത്തിലേക്കും കടന്നത്. മൊഴിമാറ്റ ഹിറ്റ്‌മേക്കേഴ്സെന്ന് തമിഴകത്ത് അറിയപ്പെട്ടു. വിജയ്‌യുടെ ജില്ല,തലൈവ,ബിഗിൽ,തുപ്പാക്കി,രജനീകാന്തിന്റെ ഡർബാർ,അജിത്തിന്റെ വിശ്വാസം,വീരം,സൂര്യയുടെ ജയ്ഭീം,സുരറൈപോട്ര്,സിങ്കം- 3,കാർത്തിയുടെ കൈതി,കൊമ്പൻ,പരുത്തിവീരൻ,നയൻതാരയുടെ മൂക്കുത്തിയമ്മൻ,കമലഹാസന്റെ ഉന്നൈപോൽ ഒരുവൻ,ഹിന്ദി ചിത്രങ്ങളായ പി.കെ,ബർഫി,വെനസ്‌ഡേ... ഇരുവരും ഡബ്ബ് ചെയ്ത ചിത്രങ്ങൾ ഇങ്ങനെ നീളുന്നു.
മലയാളചിത്രങ്ങളായ അബ്രഹാം ഓസ്‌ലർ,ടർബോ,കാതൽ,ആർ.ഡി.എക്‌സ് എന്നിവയൊക്കെ വിവിധ ഭാഷകളിലേക്ക് ഇരുവരും ചേർന്ന് മൊഴിമാറ്റി. തന്റെ മൊഴിമാറ്റ ശബ്ദത്തിന് വിജയ് നിർദ്ദേശിക്കുന്നത് ഷിബുവിനെയാണ്. മുപ്പതോളം ചിത്രങ്ങളിൽ ഷിബു വിജയ്‌യുടെ ശബ്ദമായിക്കഴിഞ്ഞു.
സിനിമാ നിർമ്മാണവും
ഡബ്ബിംഗിനു പുറമേ ചാപ്പകുത്ത് എന്ന സിനിമയും നിർമ്മിച്ചു ഇവർ. ചിത്രം വിവിധ ഫിലിംഫെസ്റ്റുകളിലായി 40ലേറെ പുരസ്‌കാരങ്ങൾ നേടി. സംഗീതവും പശ്ചാത്തല സംഗീതവും ഷിബുവായിരുന്നു. പശ്ചാത്തല സംഗീതത്തിന് ഷിബുവിനെത്തേടി ദാദ സാഹിബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ അവാർഡുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |