മലപ്പുറം: ഭിന്നതകളും തെറ്റിദ്ധാരണകളും പരിഹരിച്ചെന്ന സമസ്തയിലെ ലീഗ് വിരുദ്ധരുടെ അവകാശവാദം തള്ളി മുസ്ലിം ലീഗ് നേതൃത്വം. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിർദ്ദേശപ്രകാരം ലീഗ് വിരുദ്ധ ചേരിയിൽ നിന്നുള്ള അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഉമർ ഫൈസി മുക്കം, മുസ്തഫ മുണ്ടുപാറ, സത്താർ പന്തല്ലൂർ അടക്കം എട്ടുപേർ തിങ്കളാഴ്ച പാണക്കാട്ടെത്തി സാദിഖലി തങ്ങളുമായും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും സമവായ ചർച്ച നടത്തിയിരുന്നു.
സാദിഖലി തങ്ങൾ ക്രിസ്മസ് കേക്ക് മുറിച്ചതിനെതിരെയുള്ള പ്രസ്താവനയിൽ ഹമീദ് ഫൈസിയും, ഖാസിയാവാൻ യോഗ്യതയില്ലെന്ന പരാമർശത്തിൽ ഉമർ ഫൈസി മുക്കവും പരസ്യമായി ഖേദം പ്രകടിപ്പിക്കാൻ ചർച്ചയിൽ ധാരണയായെങ്കിലും ഇത് പാലിക്കാത്തതാണ് ലീഗിനെ ചൊടിപ്പിച്ചത്. ചർച്ചയ്ക്ക് പിന്നാലെ ലീഗ് വിരുദ്ധർ മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് അവകാശപ്പെട്ട് ഖേദപ്രകടനം ഒഴിവാക്കിയെന്നാണ് ലീഗിന്റെ വികാരം. ഇതോടെ ഈ മാസം 23ന് തീരുമാനിച്ച തുടർചർച്ചയിൽ നിന്ന് ലീഗ് നേതൃത്വം പിന്മാറിയിട്ടുണ്ട്. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ ഫോണിൽ വിളിച്ച സാദിഖലി തങ്ങൾ പ്രതിഷേധം അറിയിച്ചു. പ്രസ്താവനകൾ പരസ്യമായി നടത്തിയതിനാൽ ഖേദപ്രകടനവും പരസ്യമായി വേണമെന്ന് സാദിഖലി തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |